റോഹിംഗ്യന്‍ പ്രശ്നം: ഒ.ഐ.സി സംഘം മ്യാന്മര് സന്ദര്‍ശിക്കും
ക്വാലാലംപൂര്‍: മ്യാന്മര് ഭരണകൂടത്തിന് നേതൃത്വം നല്കുന്നവരുമായും അക്രമങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന റോഹിംഗ്യന്‍ മുസ്ലിംകളുമായി കൂടിക്കാഴ്ച്ചകള്‍ നടത്തുന്നതിന് ഉന്നതതല പ്രതിനിധി സംഘത്തെ മ്യാന്മറിലെ അറാകാനിലേക്ക് അയക്കാന്‍ ഒ.ഐ.സി തീരുമാനിച്ചു.
റോഹിംഗ്യന്‍ മുസ്ലിംകളുടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ ചേര്‍ന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പ്രതിനിധി സംഘത്തില്‍ ഒ.ഐ.സി ജനറല്‍ സെക്രട്ടറിയും ഉണ്ടാകും. അറാകാന്‍ പ്രവിശ്യയില്‍ നിലനില്‍ക്കുന്ന സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള വിലക്കുകള്‍ ഇല്ലാതാക്കാനും റോഹിംഗ്യകളുടെ ദുരിതം വേഗത്തില്‍ ലഘൂകരിക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്കാളിത്തം കൂടി നേടിയെടുക്കുന്നതിന് കൈകോര്‍ക്കാന്‍ ഒ.ഐ.സി അംഗങ്ങളോട് ആവശ്യപ്പെട്ടു.
റോഹിംഗ്യകള്‍ക്കെതിരെയുള്ള ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളിലും അന്താരാഷ്ട്ര നിയമ ലംഘനങ്ങളിലും സംഘടന ഉത്കണ്ഠ പ്രകടിപ്പിച്ചു. ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മ്യാന്മര് ഭരണകൂടത്തോട് പ്രസ്താവന ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."