ഏകീകൃത അമേരിക്ക യാഥാര്‍ഥ്യമാക്കുമെന്ന് ട്രംപ് അബ്രഹാം ലിങ്കന്റെ പ്രതിമക്ക് മുന്‍പില്‍ സല്യൂട്ട് ചെയ്തു
വാഷിങ്ടണ്‍: ഏകീകൃത അമേരിക്ക യാഥാര്‍ഥ്യമാക്കാനായി പ്രയത്‌നിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്ഥാനാരോഹണത്തിന് മുന്നോടിയായി പങ്കെടുത്ത യോഗത്തിലാണ് തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി പുതിയ പ്രസിഡന്റ് പ്രഖ്യാപനം നടത്തിയത്. ട്രംപിന്റെ പ്രഖ്യാപനത്തെ ഹര്‍ഷോന്മാഥത്തോടെയാണ് ശ്രോതാക്കള്‍ എതിരേറ്റത്.
ശതകോടീശ്വരനായ ട്രംപ് ഇന്നലെ ഉച്ചയ്ക്കായിരുന്നു സ്ഥാനമൊഴിയുന്ന ബരാക് ഒബാമയില്‍ നിന്ന് അധികാരം ഏറ്റെടുത്തത്.
ന്യൂയോര്‍ക്കില്‍ നിന്നു ഭാര്യ മെലാനിയക്കൊപ്പം അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രത്യേക വിമാനത്തില്‍ വാഷിങ്ടണിന് സമീപത്തെ സൈനിക ആസ്ഥാനത്ത് എത്തിയ ശേഷമായിരുന്നു ഒബാമയുമായി കൂടിക്കാഴ്ച നടത്തിയത്. പിന്നീടായിരുന്നു അമേരിക്കന്‍ പ്രസിഡന്റുമാരുടെ പതിവ് രീതിയനുസരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിന്റെ മുന്നോടിയായുള്ള ആഘോഷങ്ങളില്‍ ട്രംപ് പങ്കാളിയായത്.
രാജ്യത്തെ ശൈഥില്യങ്ങളില്‍ നിന്ന് മോചിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ കൈയടിച്ചും കരിമരുന്നുപ്രയോഗം നടത്തിയുമാണ് അനുയായികളും ആരാധകരും എതിരേറ്റത്. പതിറ്റാണ്ടുകളായി ചെയ്തുതീര്‍ക്കാത്ത കാര്യങ്ങള്‍ താന്‍ ചെയ്തു തീര്‍ക്കുമെന്നും തന്നെ വിജയിപ്പിച്ചവരെ മറക്കില്ലെന്നും ട്രംപ് വികാരവായ്‌പോടെ പറഞ്ഞു. നിശ്ചയമായും നിങ്ങള്‍ക്ക് മാറ്റം ഞാന്‍ ഉറപ്പ് നല്‍കുന്നു.
അമേരിക്കന്‍ ജനതയ്ക്ക് കൂടുതല്‍ ജോലി ലഭ്യമാക്കാന്‍ പരിശ്രമിക്കും. നഷ്ടപ്പെട്ടവ തിരിച്ചുപിടിച്ചാവും ഈ നീക്കമെന്നും അബ്രഹാം ലിങ്കണ്‍ പ്രതിമയ്ക്ക് സമീപത്തു തടിച്ചുകൂടിയവരെ സാക്ഷിയാക്കി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
പ്രഭാഷണത്തിന്റെ മുന്നോടിയായി അമേരിക്ക കണ്ട എക്കാലത്തേയും മികച്ച പ്രസിഡന്റായ അബ്രഹാം ലിങ്കന്റെ പ്രതിമയ്ക്ക് മുന്‍പില്‍ സല്യൂട്ട് ചെയ്യാനും പുതിയ പ്രസിഡന്റ് മറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."