പ്രജ്ഞാസിങ്ങിന് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് എന്‍.ഐ.എ
മുംബൈ: 2008ലെ മലേഗാവ് ബോംബ് സ്‌ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പ്രജ്ഞാസിങ് താക്കൂറിന് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ). ബോംബെ ഹൈക്കോടതിയെ ആണ് ഏജന്‍സി ഇക്കാര്യം അറിയിച്ചത്.
അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് ആണ് എന്‍.ഐ.എക്കു വേണ്ടി കോടതിയില്‍ ഹാജരായത്. കേസില്‍ മകോക വകുപ്പ് ചുമത്തേണ്ടെന്ന് നേരത്തെ എന്‍.ഐ.എ നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ജാമ്യം നല്‍കുന്നതിനും എതിര്‍പ്പില്ലെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചത്. ജസ്റ്റിസ് രഞ്ജിത്ത് മോറെയും ജസ്റ്റിസ് ശാലിനി പന്‍സാല്‍ക്കര്‍ ജോഷിയുമടങ്ങിയ ബെഞ്ചാണ് താക്കൂര്‍ സമര്‍പ്പിച്ച ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്നത്. നേരത്തെ 2016 ജൂണില്‍ താക്കൂറിന്റെ ഹരജി പ്രത്യേക എന്‍.ഐ.എ കോടതി തള്ളിയിരുന്നു. കേസ് ഹൈക്കോടതി ഈമാസം 31നു വീണ്ടും പരിഗണിക്കും.
മലേഗാവ് സംഭവത്തിനു പുറമെ മറ്റുപല സ്‌ഫോടനക്കേസുകളിലും പ്രജ്ഞാസിങ് ഉള്‍പ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്‍പ് കേസന്വേഷിച്ച മഹാരാഷ്ട്രാ എ.ടി.എസ് മകോക ചുമത്തിയത്. എന്നാല്‍ പ്രതി മലേഗാവ് സ്‌ഫോടനത്തില്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂവെന്നാണ് എന്‍.ഐ.എയുടെ നിലപാട്.
2008 സെപ്റ്റംബര്‍ 29നാണ് മലേഗാവിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ദിക്കു ചൗക്കില്‍ ബോംബ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിനുപയോഗിച്ച ബൈക്കിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സാധ്വി പ്രജ്ഞാസിങ്ങിനെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."