ഭോപ്പാലില്‍ മരിച്ചയാളുടെ മുറിയില്‍നിന്ന് 50,000 രൂപയുടെ അസാധുനോട്ടുകള്‍ കണ്ടെത്തി; പണം മാറ്റിനല്‍കില്ലെന്ന് ആര്.ബി.ഐ
ഭോപ്പാല്‍: മരിച്ചയാളുടെ മുറിയില്‍നിന്നു കണ്ടെത്തിയ 50,000 രൂപയുടെ അസാധുനോട്ടുകള്‍ മാറ്റിനല്‍കാന്‍ റിസര്‍വ് ബാങ്ക് വിസമ്മതിച്ചു. ഭോപ്പാലില്‍ ഡിസംബര്‍ 26നു മരിച്ച ശിവചരണ്‍ സിങ് മാരന്റെ മുറി വൃത്തിയാക്കുന്നതിനിടെയാണ് 50,000 രൂപ മൂല്യമുള്ള അസാധുനോട്ടുകള്‍ കണ്ടെത്തിയത്.
നോട്ട് മാറ്റാനായി ബാങ്കിലെത്തിയപ്പോഴാണ് നിലവില്‍ പ്രവാസികള്‍ക്കു മാത്രമാണ് നിരോധിത നോട്ടുകള്‍ മാറ്റിനല്കുന്നുള്ളൂവെന്നു പറഞ്ഞ് ആര്.ബി.ഐ തിരിച്ചയച്ചത്. മകന് മസ്താന് സിങ് മാരന് ആശുപത്രി ബില്ലും മരണ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയെങ്കിലും ബാങ്കിന്റെ ഉന്നതവൃത്തങ്ങള്‍ നോട്ട് സ്വീകരിക്കരുതെന്ന് നിര്‍ദേശിക്കുകയായിരുന്നു.
മരണത്തിനു ശേഷമുള്ള അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം ശിവചരണ്‍ സിങ്ങിന്റെ മുറി കുടുംബാംഗങ്ങള്‍ വൃത്തിയാക്കുമ്പോഴാണ് നിരോധിത 500 രൂപാ നോട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആര്.ബി.ഐയുടെ പ്രാദേശിക ശാഖയിലെത്തി പണം മാറ്റിനല്കാനാവശ്യപ്പെട്ട മകനോട് ഉദ്യോഗസ്ഥര്‍ ബാങ്കിന്റെ ഡല്‍ഹി ആസ്ഥാനത്തുനിന്നു പുറത്തിറക്കിയ ഉത്തരവ് ചൂണ്ടിക്കാണിക്കുകയായിരുന്നു. മരണത്തിന് ഏറെ മുന്‍പുതന്നെ ശിവചരണിന് ഓര്മ നഷ്ടപ്പെട്ടിരുന്നെന്നും അതിനാല്‍ പണത്തെ കുറിച്ച് അദ്ദേഹം മറന്നതായിരിക്കാമെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."