എസ്.പി ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു; കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളിലും സ്ഥാനാര്‍ഥികള്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ഔദ്യോഗികമായി നിലവില്‍വരും മുന്‍പുതന്നെ നിലവിലെ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. നിലവിലെ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ നിര്‍ത്തി 191 പേരുടെ പട്ടികയാണ് ഇന്നലെ പുറത്തുവിട്ടത്.
ആദ്യ മൂന്നുഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെയാണു പ്രഖ്യാപിച്ചത്. 209 മണ്ഡലങ്ങളിലേക്കാണ് ആദ്യമൂന്നുഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഈ ഘട്ടത്തില്‍ 18 സീറ്റുകള്‍ മാത്രമാണ് എസ്.പി ഒഴിച്ചിട്ടിരിക്കുന്നത്. മതേതരസഖ്യംസബംന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്ന സൂചനനല്‍കി, സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസിന്റെ മറുപടി കാക്കുകയാണെന്നു മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. മഥുര, ബിസാസ്പൂര്‍, കിദ്വായ് നഗര്‍, ഖൂര്‍ജ, സയ്‌ന, കപൂര്‍, സ്വാര്‍, ശാമില്‍ തുടങ്ങിയ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളിലേക്കും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.
അതേസമയം, സമാജ്‌വാദി പാര്‍ട്ടി തര്‍ക്കത്തില്‍ അഖിലേഷിന്റെ എതിര്‍പക്ഷത്തുള്ള അമ്മാവന്‍ ശിവ്പാല്‍ യാദവും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. നരേഷ് അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗര്‍വാള്‍ (ഹര്‍ദോയ്), അഅ്‌സംഖാന്റെ മകന്‍ അബ്ദുല്ല അഅ്‌സം (സൗര്‍) എന്നിവര്‍ക്കും സീറ്റ് ലഭിച്ചു. ജസ്വന്ത് നഗറില്‍നിന്നാണ് ശിവപാല്‍ ജനവിധിതേടുക. കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് നിയമസഭാ കക്ഷി നേതാവ് പ്രദീപ് മാത്തൂരിന്റെ മണ്ഡലമായ മഥുരയില്‍ അശോക് അഗര്‍വാളിന്റെ പേരാണു പ്രഖ്യാപിച്ചത്. ശാമില്‍, സയന, ഖൂര്‍ജ, കിദ്വായ് നഗര്‍ എന്നിവിടങ്ങളില്‍ യഥാക്രമം കോണ്‍ഗ്രസ് നേതാക്കളായ പങ്കജ് മല്ലിക്, ദില്‍നാവാജ് ഖാന്‍, ബന്‍സിദാര്‍ പഹാഡിയ, അജയ്കുമാര്‍ എന്നിവരാണ് സിറ്റിങ് എം.എല്‍.എമാര്‍. ഹാപ്പൂരില്‍ ഗജ് രാജ് സിങ്, സ്വാറില്‍ നവാബ് കജിം അലിയും കോണ്‍ഗ്രസ് എം.എല്‍.എമാരാണ്. കോണ്‍ഗ്രസിന് സിറ്റിങ് എം.എല്‍.എയുള്ള മുസ്‌ലിംഭൂരിപക്ഷ മണ്ഡലമായ ദയൂബന്ദില്‍ മാവിയ അലിയുടെ പേരാണ് പട്ടികയിലുള്ളത്.
കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കിയ ശേഷമാണു സഖ്യത്തിനു നേതൃത്വം കൊടുക്കുന്ന എസ്.പി പട്ടിക തയാറാക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കോണ്‍ഗ്രസിനെ ഞെട്ടിച്ച് ഇന്നലെ അഖിലേഷ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തങ്ങളുടെ സിറ്റിങ് സീറ്റില്‍ കൂടി എസ്.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയതില്‍ കോണ്‍ഗ്രസിന് കടുത്ത അമര്‍ഷമുണ്ടെങ്കിലും പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി രണ്ടാംസ്ഥാനം നേടിയതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് സിറ്റിങ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതെന്ന് എസ്.പി ദേശീയ വൈസ് പ്രസിഡന്റ് കിരണ്‍മോയ് നന്ദ പറഞ്ഞു. സഖ്യംനിലവില്‍വരികയാണെങ്കില്‍ കോണ്‍ഗ്രസിന് നല്‍കിയ സീറ്റുകളില്‍നിന്ന് തങ്ങള്‍ സ്ഥാനാര്‍ഥികളെ പിന്‍വലിക്കുമെന്നും 85 സീറ്റുകള്‍ വരെ വിട്ടുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."