മറുനാട്ടുകാര്‍ക്കിത് ജീവിതം, കൗതുകം
മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ് കലോത്സവത്തില്‍ നിറയുന്നത്. എന്നാല്‍ ഈ വര്‍ണലോകത്ത് അത്ര നിറമില്ലാത്ത കുറെ കുരുന്നുകളെയും കാണാം. പൂമ്പാറ്റകളെ പോലെ പാറി നടക്കേണ്ട പ്രായത്തില്‍ ജീവിതവഴി തേടി മറ്റുള്ളവരെ മാടിവിളിക്കുന്നവര്‍. മറുനാട്ടുകാരായ നിരവധി കുട്ടികളാണ് കലോത്സവ നഗരിയില്‍ കച്ചവടക്കാരായി അലയുന്നത്. ജീവിതം കരുപ്പിടിപ്പിക്കാനുള്ള അലച്ചിലിനിടയില്‍ വീടും നാടും പഠനവുമെല്ലാം അന്യമായ കുറെ ജീവിതങ്ങള്‍.
അണിഞ്ഞൊരുങ്ങി വേദികളിലേക്ക് പോകുന്ന മത്സരാര്‍ഥികള്‍ക്കും ആള്‍ക്കൂട്ടത്തിനിടയിലൂടെയും മുഷിഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞ് കൈയിലെ പാത്രങ്ങളില്‍ നിറയെ കളിപ്പാട്ടങ്ങളുമായി ഇവര്‍ നടന്നു നീങ്ങുന്നു. കത്തുന്ന വെയില്‍പോലും കൂസാതെയുള്ള അധ്വാനമാണ് ഇവരുടേത്. രാത്രി വൈകിയും ഈ കുട്ടികളെ കലോത്സവ നഗരിയില്‍ കാണാം. കുടുബത്തോടൊപ്പമാണ് എല്ലാവരും എത്തിയിരിക്കുന്നത്. നാട് ചോദിച്ചാല്‍ രാജസ്ഥാന്‍ എന്ന് മറുപടി. പേര് ചോദിച്ചാല്‍ മറുപടിയില്ല. സ്‌കൂള്‍, പഠനം എന്നിവയെ കുറിച്ചൊന്നും ഇവരുടെ മനസില്‍ ചിന്തകളിലില്ല.
കൈയിലെ പാത്രങ്ങളില്‍ നിറഞ്ഞിരിക്കുന്ന കളിപ്പാട്ടങ്ങള്‍ വിറ്റുതീര്‍ക്കണം. ഇടയ്ക്ക് വേദികളിലേക്ക് നോക്കിയിരിക്കുന്ന കുട്ടിയോട് ഡാന്‍സ് എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോള്‍ അച്ഛാ ഹെ...എന്ന് മറുപടി. പിന്നെ ഊതുമ്പോള്‍ കരഞ്ഞുകൊണ്ട് ഉയരുന്ന ആ പീപ്പിയുമായി ആള്‍ക്കൂട്ടത്തിനിടയിലേക്ക്.
[caption id="attachment_223206" align="alignnone" width="600"] വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍ സി സി കാഡറ്റുകള്‍ കലോത്സവ നഗരിയില്‍[/caption]
യെഹ് ബഹുത് ആശ്ചര്യഹ് ഹെ... ബാര്‍ ബാര്‍ ദേഖ്‌നെ ഖേലിയെ ബഹുത് ഖുശി ഹെ... ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കുട്ടികള്‍ക്ക് ഇതൊരു അത്ഭുതമായിരുന്നു. വേദികളിലെ വിസ്മയങ്ങളും ആള്‍ത്തിരക്കും വര്‍ണലോകവുമെല്ലാം അവരില്‍ കൗതുകം നിറച്ചു.
അഖിലേന്ത്യാ പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ ഏഴിമല നാവികഅക്കാദമിയില്‍ എത്തിയതായിരുന്നു 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 170 പെണ്‍കുട്ടികള്‍. തൊട്ടടുത്ത് നടക്കുന്ന കലോത്സവം കാണാന്‍ ലെഫ്റ്റനന്റ് കമാന്‍ഡന്റ് പുരുഷോത്തമന്‍, കോഴിക്കോട് ദേവഗിരി കോളജിലെ ലഫ്റ്റനന്റ് കമാന്‍ഡന്റ് ദേവസ്യ പി.എ, എന്‍.സി.സി ഓഫിസര്‍ പി.പി ദിനേശ് എന്നിവര്‍ക്കൊപ്പമായിരുന്നു കുട്ടികളെത്തിയത്.
ഒപ്പനയും പരിചമുട്ട് കളിയും അവര്‍ മനംനിറഞ്ഞു കണ്ടു. മിക്കവരും ഇവ രണ്ടും ജീവിതത്തിലാദ്യമായി കാണുന്നത്. 'പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല, ഇത് വലിയ ഉത്സവം തന്നെ' ഗുജറാത്തില്‍ നിന്നെത്തിയ പൂജസാനി പറയുന്നു. ഒപ്പം ചെറിയൊരു ആഗ്രഹവും ഒപ്പനയിലെ പുതുമാരിയാവണം. നേവല്‍ അക്കാദമിയില്‍ ടെന്റുകളില്‍ താമസിച്ചാണ് കുട്ടികള്‍ പരിശീലനം നേടുന്നത്.
പരേഡ്, ആയുധ പരിശീലനം, ഫയര്‍വാക്കിങ് എന്നിവയിലെല്ലാം പരിശീലനമുണ്ട്. കേരളത്തില്‍ നിന്നു ലഭിച്ച ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ് കലോത്സവ നഗരിയിലേക്കുള്ള യാത്രയെന്ന് കുട്ടികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."