HOME
DETAILS

'പ്രയാസി'കളാകുന്ന പ്രവാസികള്‍

  
backup
January 21 2017 | 20:01 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8

130 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യയെന്നു പറയുമ്പോള്‍ അതു ലോകജനസംഖ്യയുടെ അഞ്ചിലൊന്നാണെന്നു നാം തിരിച്ചറിയുന്നു. 140 കോടിയുള്ള ചൈന മാത്രമാണ് ഇന്ത്യക്കു മുന്നില്‍. വിദേശത്തുകഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം രണ്ടുകോടി കവിയും.


അവരെ ഉദ്ദേശിച്ചാണു പത്താണ്ടിലേറെയായി പ്രവാസി ഭാരതീയ സമ്മേളനമെന്ന വാര്‍ഷിക പരിപാടി നടത്തിവരുന്നത്. എന്നാല്‍, ഇന്ത്യയുടെ പഞ്ചവത്സരപദ്ധതിയില്‍ വകയിരുത്തിയ തുകയേക്കാളേറെ നമ്മുടെ ബാങ്കുകളിലെത്തിക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ പ്രസ്താവനകളും പ്രഖ്യാപനങ്ങളുമല്ലാതെ കാര്യമായൊന്നും നടക്കുന്നില്ലെന്നതു ദുഃഖകരമാണ്.
ലോകസമ്പന്നരുടെ പട്ടികയില്‍ മലയാളികളുള്‍പ്പെടെ വിദേശഇന്ത്യക്കാര്‍ പലരുണ്ടെങ്കിലും അവര്‍ അയക്കുന്ന തുകയേക്കാളേറെ ഇന്ത്യയിലെത്തിക്കുന്നത് അവിടങ്ങളില്‍ ജോലിചെയ്യുന്ന സാധാരണക്കാരാണ്.


ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസിയായ മഹാത്മാഗാന്ധി ഒരു നൂറ്റാണ്ട് മുന്‍പ് നാട്ടില്‍ മടങ്ങിയെത്തിയതിന്റെ ഓര്‍മയിലാണു പ്രവാസി ഭാരതീയ സമ്മേളനം നടത്തിവരുന്നത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക, പരിഹാരം കാണുക, മികച്ച സേവനമര്‍പ്പിച്ചവരെ ആദരിക്കുക, ഇന്ത്യന്‍ സമ്പദ്ഘടനയുമായി പ്രവാസികളെ കൂടുതല്‍ അടുപ്പിക്കുക തുടങ്ങിയവയാണ് ഈ സമ്മേളനത്തില്‍ അജന്‍ഡയാക്കാറുള്ളത്. ഈ വര്‍ഷമാദ്യം ബംഗളൂരുവില്‍ നടന്ന പതിനഞ്ചാം സമ്മേളനത്തിലും ഇതൊക്കെയുണ്ടായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും സമ്മേളനത്തെ അഭിസംബോധന ചെയ്തു.


ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണു പണം ഏറെ ഇന്ത്യയിലേക്കൊഴുകുന്നതെന്നത് യാഥാര്‍ഥ്യമാണ്. നോട്ട് അസാധുവാക്കലില്‍ ചെന്നുചാടിയ ഇത്തവണത്തെ പ്രതിസന്ധിക്കിടയിലും പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്കു കുറവുണ്ടായില്ല. കഴിഞ്ഞവര്‍ഷം കേരളത്തില്‍ മാത്രം പ്രവാസിനിക്ഷേപം 16,556 കോടി രൂപ വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
നിര്‍വചനപ്രകാരം നോണ്‍ റസിഡന്റ് ഇന്ത്യന്‍ (എന്‍.ആര്‍.ഐ) എന്നു പറഞ്ഞാല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടോടെ ചുരുങ്ങിയത് ആറുമാസമെങ്കിലും വിദേശത്തുകഴിയുന്ന ഇന്ത്യക്കാരനാണ്. അവന്‍ തിരിച്ചുവരുമ്പോള്‍ വിമാനടിക്കറ്റിന് ഇരട്ടിയിലേറെ ചാര്‍ജ് ഈടാക്കുകയും അവന്റെ പുനരധിവാസത്തെയോ ചികിത്സയെയോ ഇന്‍ഷുറന്‍സിനെയോപറ്റി മിണ്ടാതിരിക്കുകയും ചെയ്യുന്നതാണു കാലാകാലമായി നമ്മുടെ രീതി.


വളരെ വൈകിയാണെങ്കിലും പ്രവാസികള്‍ക്കു വോട്ടവകാശം അനുവദിച്ചുവെന്നതു നല്ല കാര്യം. അങ്ങനെ 22 ലക്ഷത്തോളം പ്രവാസികള്‍ വോട്ടര്‍പട്ടികയില്‍ സ്ഥാനം പിടിച്ചു. എന്നിട്ടും അവര്‍ക്കു വോട്ടു രേഖപ്പെടുത്താനുള്ള അവസരം ഇനിയും ഉണ്ടാക്കിക്കൊടുത്തിട്ടില്ല. പോസ്റ്റല്‍ ബാലറ്റ് തുടങ്ങിയ സൗകര്യങ്ങളോടെ 20 ഏഷ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ നൂറില്‍പരം രാഷ്ട്രങ്ങള്‍ പ്രവാസികള്‍ക്കു വോട്ടുചെയ്യാനുള്ള അവസരം സൃഷ്ടിച്ചിട്ടുണ്ടെന്നറിയുക.


 അമേരിക്കയും ബ്രിട്ടനും കാനഡയും ഗള്‍ഫ് രാജ്യങ്ങളുമെല്ലാം സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഏറെപ്പേര്‍ തിരിച്ചുവരുന്നുണ്ടെങ്കിലും പൂര്‍വേഷ്യയടക്കം ഗള്‍ഫിലേക്കു തൊഴില്‍തേടിപോവുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടെന്നു പറയാറായിട്ടില്ല. അനധികൃത റിക്രൂട്ടിങ് ഏജന്റുമാരുടെ വലയില്‍ കുടുങ്ങുന്നവരുടെ എണ്ണംപെരുകുന്നുണ്ട്. അത്തരം ഏജന്‍സികള്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന പ്രഖ്യാപനമാണു ബംഗളൂരു സമ്മേളനത്തില്‍ കേട്ട ആശ്വാസകരമായ തീരുമാനം.
എന്നാല്‍, ബംഗളൂരു പ്രവാസി സമ്മേളനം രണ്ടുദിവസം ഘനഗംഭീരമായി നടന്നിട്ടും സാധാരണക്കാരുടെ പ്രശ്‌നങ്ങളിലേക്കു കാര്യമായി കടന്നുചെന്നില്ല. പ്രഖ്യാപിച്ചത് വന്‍കിടക്കാരെ ലക്ഷ്യമാക്കി ചില പദ്ധതികള്‍ മാത്രം. ഇന്ത്യയുടെ വികസനത്തില്‍ വിദേശഇന്ത്യക്കാരെ കൂടുതല്‍ പങ്കാളികളാക്കാനുള്ള ശ്രമവും പ്രവാസികളുടെ നിക്ഷേപത്തെ ആഭ്യന്തരനിക്ഷേപമായി കണക്കാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും ജോലിതേടി വിദേശത്തു പോവാനാഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്കു പരിശീലനം നല്‍കാനുള്ള പ്രവാസി കൗശല്‍ വികാസ് യോജന എന്ന പദ്ധതിയും സ്വാഗതാര്‍ഹം തന്നെ.


ചരക്കുകള്‍ എത്തിക്കാനുള്ള കാലതാമസമൊഴിവാക്കാന്‍ ഇന്ത്യയിലെ ഉള്‍മേഖലകളില്‍ ലോജിസ്റ്റിക് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ 100 കോടി ഡോളറിന്റെ ഡി.പി വേള്‍ഡ് പദ്ധതി ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിജിയിലെ കരിമ്പു തോട്ടങ്ങളില്‍ രണ്ടു നൂറ്റാണ്ടായി ജോലി ചെയ്തുവരുന്ന ഇന്ത്യക്കാരുടെ പിന്‍ഗാമികള്‍ക്ക് ഓവര്‍സീസ് സിറ്റിസണ്‍സ് എന്ന ഒ.സി.ഐ കാര്‍ഡ് നല്‍കാനുള്ള നീക്കവും ശ്ലാഘനീയം തന്നെ.


എന്നാല്‍, സ്വച്ഛ്ഭാരതിനു പിന്നാലെ മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതു കൊണ്ടുമാത്രമായില്ല. വിദേശത്തെ ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണംചെയ്ത പ്രവാസിവകുപ്പു നിര്‍ത്തലാക്കിയതു പുനരാരംഭിക്കുന്ന കാര്യംപോലും ബംഗളൂരു പ്രഖ്യാപനത്തിലുണ്ടായില്ല. നേരിട്ടുള്ള വിദേശനിക്ഷേപം നാളിതുവരെയുള്ളതില്‍വച്ച് ഏറ്റവും കൂടുതലാണെന്ന് അഹമദാബാദില്‍ ചേര്‍ന്ന ആഗോളനിക്ഷേപക സമ്മേളനത്തില്‍ പറയുമ്പോഴും ആ ചെറുകിട നിക്ഷേപകരെ ബംഗളൂരുവില്‍ പ്രധാനമന്ത്രി ഓര്‍ത്തില്ല.
വിദേശത്തു വച്ചു മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കാലതാമസം കൂടാതെ ഇന്ത്യയിലെത്തിക്കാനുള്ള കാര്യത്തിലും ശക്തമായ ഇടപെടലുകളുണ്ടാകുന്നില്ല. 14 വര്‍ഷത്തിനിടയില്‍ രണ്ടായിരത്തോളം മൃതദേഹങ്ങള്‍ സൗജന്യമായി ഇന്ത്യയിലെത്തിക്കുന്നതിനു നേതൃത്വംനല്‍കാന്‍ അജ്മാനിലെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കാരനായ പാലോറ കുന്നുമ്മല്‍ അശ്‌റഫിനു കഴിയുമ്പോള്‍ നമ്മുടെ എംബസികള്‍ എന്തു ചെയ്യുകയാണെന്ന ചോദ്യം സ്വാഭാവികം.


പെറ്റിക്കേസുകളില്‍ കുടുങ്ങിയും അല്ലാതെയും തടങ്കലിലകപ്പെടുന്ന സാധാരണക്കാരായ പൗരന്മാരെ മോചിപ്പിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ കാര്യമായി ഇടപെടുന്നില്ലെന്ന ആരോപണം നിലനില്‍ക്കുകയാണ്.


പ്രവാസികളായ കേരളീയരുടെ കാര്യങ്ങള്‍ നോക്കുന്ന നോര്‍ക്ക രണ്ടുവര്‍ഷം മുന്‍പു നടത്തിയ സര്‍വേ ഓര്‍ക്കുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസികളിലേറെയും സെയില്‍സ്മാന്മാരും ഡ്രൈവര്‍മാരുമാണെന്നായിരുന്നു കണ്ടെത്തല്‍. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ കേരളത്തില്‍നിന്നു ഗള്‍ഫിലെത്തിയത് മലപ്പുറം ജില്ലയില്‍ നിന്നാണ്. മൂന്നുലക്ഷത്തോളം പേര്‍. അമേരിക്കയില്‍ 73,357 പേരും, ബ്രിട്ടനില്‍ 45,264 പേരും കേരളീയരായുള്ളപ്പോള്‍ യു.എ.ഇയില്‍ അഞ്ചുലക്ഷവും സഊദിയില്‍ നാലേകാല്‍ ലക്ഷവുമെന്നാണു കണക്ക്. കുവൈത്ത് 91,780, ഒമാന്‍ 89,238, ഖത്തര്‍ 1,13,395, ബഹ്‌റൈന്‍ 61,408 എന്നിങ്ങനെ കണക്കുനീളുന്നു.


ഇടുക്കിയിലെ ആദിവാസി ഗ്രാമമായ ഇടമലക്കുടിയില്‍നിന്നു മാത്രമാണത്രേ ആരും വിദേശത്തേക്കു ജോലി തേടി പോവാത്തത്. ഇന്ത്യക്കുപുറത്തു പതിനാറേകാല്‍ ലക്ഷം മലയാളികള്‍ ജോലി ചെയ്യുമ്പോള്‍ 50 ലക്ഷം കുടുംബങ്ങള്‍ അവരെ ആശ്രയിച്ചു കഴിയുന്നുണ്ട്. അതായത് അഞ്ചിലൊരു മലയാളി ജീവിക്കുന്നതു വിദേശത്തുനിന്നു വരുന്ന പണം കൊണ്ടാണ്.
വ്യവസ്ഥാപിതമാര്‍ഗങ്ങളിലൂടെ അവര്‍ അയക്കുന്ന പണംകൊണ്ട് ഇന്ത്യയും വിശിഷ്യ കേരളവും ജീവിക്കുന്നുവെന്ന തിരിച്ചറിവ് കേന്ദ്രം ഭരിക്കുന്നവര്‍ക്കുണ്ടാവേണ്ടതാണ്. എന്നാല്‍, കഴിഞ്ഞവര്‍ഷം ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന പ്രവാസിസമ്മേളനത്തിലെന്ന പോലെ കാര്യമായൊന്നും ബംഗളൂരുവിലുമുണ്ടായില്ല. അന്നവിടെ ഒരു മണിക്കൂര്‍ പ്രസംഗിച്ച പ്രധാനമന്ത്രി മോദി കാര്യമായി പ്രഖ്യാപിച്ചത് പ്രവാസി ഇന്ത്യക്കാര്‍ക്കുവേണ്ടി ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തുമെന്നായിരുന്നുവെന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഇന്നിപ്പോള്‍ തൊഴിലില്ലായ്മ ഗള്‍ഫ് രാജ്യങ്ങളില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി അവിടെയുള്ള വിദേശികളെ എന്തിന്റെ പേരിലായാലും അവര്‍ തിരിച്ചയക്കുമ്പോള്‍ അവരെ കുറ്റം പറയാനാവില്ല. പ്രശ്‌നം ദിനംപ്രതി രൂക്ഷമാകുകയാണ്. എണ്ണവില പ്രതിസന്ധിയാല്‍ സാമ്പത്തികനില വിഷമിച്ചുനില്‍ക്കുന്നിടത്ത് അവര്‍ തങ്ങളുടേതായ വഴികാണുന്നത് സ്വാഭാവികം. സഊദിക്കാകട്ടെ രണ്ടു വര്‍ഷത്തോളമായി തുടരുന്ന യമനിലെ യുദ്ധത്തിന്റെ ഭാരവുമുണ്ട്.


വിദേശകാര്യ സഹമന്ത്രിയായിരിക്കെ ഇ അഹമ്മദ്, സഊദി ആഭ്യന്തരമന്ത്രി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍സഊദ് രാജകുമാരനെയും ഇന്ത്യയിലെ സഊദി സ്ഥാനപതി ശൈഖ് സഈദ് മുഹമ്മദ് അല്‍സാതിയെയും കണ്ടു ചര്‍ച്ച ചെയ്തപ്പോഴും അവര്‍ ഉണര്‍ത്തിയത് മൂന്നരലക്ഷം സഊദി യുവാക്കള്‍ ഓരോവര്‍ഷവും തൊഴില്‍തേടി ഇറങ്ങുന്നതിനെപ്പറ്റി ആയിരുന്നു. ആ അര്‍ഥത്തില്‍ എല്ലാം വിറ്റുപെറുക്കി പോയ ശേഷം, രാപകല്‍ വെയിലിലും തണുപ്പിലും നരകിച്ചു പണിയെടുത്ത് ഇന്ത്യയിലേക്കു പണമയച്ചുകൊണ്ടിരുന്നവര്‍ രോഗബാധിതരായി മടങ്ങിവരികയാണെന്ന തിരിച്ചറിവെങ്കിലും അധികൃതര്‍ക്കുണ്ടാവേണ്ടതുണ്ട്.


വായ്പയെടുത്തു സിദ്ധികൂട്ടേണ്ടവരാണു പ്രവാസികളെന്നു വരുത്തിവയ്ക്കുന്നത് അവരോടു ചെയ്യുന്ന അനീതിയാണ്. ആ പ്രയാസവും വായ്പയും സിദ്ധിയും ചേര്‍ന്നുള്ള പ്രവാസിയായല്ല നാം അവരെ കാണേണ്ടത്. എന്‍.ആര്‍.ഐയെ എന്‍.ആര്‍.കെയെന്ന ഓമനപ്പേരു നല്‍കി നാം വിശേഷിപ്പിക്കുന്നു. എന്നാല്‍, ഈ നോണ്‍ റസിഡന്റ് കേരളൈറ്റിനെ നോട്ട് റിക്വയേഡ് കേരളൈറ്റ് (ആവശ്യമില്ലാത്ത കേരളീയന്‍) എന്ന തരത്തില്‍ അധികൃതര്‍ കാണുന്നുവെന്നതാണ് ഏറെ ദുഃഖകരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago