അരുംകൊല രാഷ്ട്രീയം കാടന്‍ സംസ്‌കാരം
കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയസംഘര്‍ഷത്തിന് ഇടയ്ക്ക് അറുതിവരുമെങ്കിലും ഇടവേളയ്ക്കുശേഷം പൂര്‍വാധികം ശക്തിയോടെ തലപൊക്കുകയാണു ചെയ്യുന്നത്. ഇത്തവണ ധര്‍മ്മടത്തുണ്ടായ കൊലയെത്തുടര്‍ന്ന് ജില്ലയില്‍ വീണ്ടും ആശങ്കയും അശാന്തിയും പടര്‍ന്നിരിക്കുകയാണ്.
അക്രമത്തിനു പിന്നില്‍ ആരായാലും സാധാരണക്കാരായ ജനങ്ങളുടെ ജീവനു ഭീഷണിയാവുന്നത് അനുവദനീയമല്ല. അക്രമത്തിനുത്തരവാദികള്‍ തങ്ങളാണെന്ന് ആരും പറയില്ലെങ്കിലും അക്രമങ്ങള്‍ക്കു ന്യായം കണ്ടെത്താനും അതു പ്രചരിപ്പിക്കാനും ചിലര്‍ പരോക്ഷമായി ശ്രമിക്കാറുണ്ട്.
അത് അക്രമത്തിന് ഇരയായവരുടെ ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും പ്രകോപിതരാക്കാനും പ്രതികരാം ചെയ്യാനും വഴിയൊരുക്കുകയാണു ചെയ്യുക. പാര്‍ട്ടിപ്രവര്‍ത്തകര്‍ ഇത്തരം കേസുകളില്‍ പ്രതികളായാല്‍ അതിനെ ന്യായീകരിക്കാന്‍ നേതൃത്വം തയാറാവുന്നതും പ്രതികളെ സംരക്ഷിക്കുന്നതും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കും.
ജില്ലയിലെ രാഷ്ട്രീയസംഘര്‍ഷത്തില്‍ ആക്രമിക്കപ്പെടുന്നവരില്‍ മിക്കവരും നിരപരാധികളും മറ്റേതെങ്കിലും കുറ്റകൃത്യത്തില്‍ പങ്കില്ലാത്തവരുമാണെന്നാണു വിലയിരുത്തപ്പെടുന്നത്. അക്രമം നടത്താനൊരുങ്ങുന്നവര്‍ ഇര ഏതു പാര്‍ട്ടിക്കാരനാണെന്നേ നോക്കാറുള്ളു. പലപ്പോഴും ഇര ഒരു പാര്‍ട്ടിയിലുംപെടാത്ത ആളാകാറുണ്ട്. ഒരാളെ എന്തിനാണ് ആക്രമിക്കുന്നതെന്നോ ഇരയെ ആക്രമിച്ചാല്‍ അതുകൊണ്ട് എന്തു ഗുണമാണുണ്ടാവുകയെന്നോ അക്രമികള്‍ ചിന്തിക്കാറില്ല. ഇര എതിര്‍കക്ഷിയില്‍പെട്ടയാളാണെന്ന് ഉറപ്പുവരുത്താന്‍ പോലും ശ്രമിക്കാറില്ല.
കാട്ടുമൃഗങ്ങള്‍ ഇരയുടെ മേല്‍ചാടിവീണ് കീഴ്‌പ്പെടുത്തുകയും കൊന്നു മാംസം ഭക്ഷിക്കുകയും ചെയ്യാറുണ്ട് . വിശപ്പു മാറ്റാനാണതു ചെയ്യുന്നത്. കണ്ണൂരിലെ അക്രമികള്‍ ആളെ കൊല്ലുന്നതു വിശപ്പടക്കാനോ സ്വന്തംനേട്ടത്തിനോ അല്ല. കാട്ടുമൃഗങ്ങളേക്കാള്‍ വിവേകശൂന്യമായ നിലപാടാണ് നാട്ടുമൃഗങ്ങള്‍ സ്വീകരിക്കുന്നത്.
ആര്‍ക്കും ആരെയും വെട്ടിക്കൊല്ലാമെന്നും ആരുണ്ടിവിടെ ചോദിക്കാനെന്നുമുള്ള നിലപാടാണു കണ്ണൂര്‍ ജില്ലയില്‍ അഴിഞ്ഞാടുന്ന ഗുണ്ടകളുടേത്. കൊലക്കേസില്‍ പ്രതിയായാല്‍ സര്‍വാധികാരിയായി എന്ന ഭാവമാണ്. പ്രതിയാക്കപ്പെടുന്നത് കുറ്റകൃത്യമായി ബന്ധമില്ലാത്തവരാകും. യഥാര്‍ഥ പ്രതികള്‍ അവരുടെ ചെയ്തികള്‍ തുടരും. കുറ്റകൃത്യത്തില്‍ പങ്കില്ലാത്തയാളെ പ്രതിയാക്കുകയും അയാള്‍ക്ക് രാഷ്ട്രീയപിന്തുണ ലഭിക്കുകയും ചെയ്യുമ്പോള്‍ അയാളും ക്രമേണ കുറ്റകൃത്യം ചെയ്യുന്നതു ഹോബിയായി കാണും.
പൊലിസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത കാലത്തോളം അവര്‍ അക്രമസംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ 'ഞാനൊന്നുമറിയില്ലേ രാമ നാരായണ'എന്ന നിലപാടു മാത്രമേ സ്വീകരിക്കുകയുള്ളു. നടന്ന കുറ്റകൃത്യത്തെ സംബന്ധിച്ച് അന്വേഷണവും തുടര്‍ നടപടിയും സ്വീകരിക്കാനല്ലാതെ കുറ്റകൃത്യം നടക്കുന്ന അവസരത്തില്‍ അത് തടയാനൊന്നും മിക്കപ്പോഴും പൊലിസ് അവരുടെ അധികാരവും ആയുധവും ഉപയോഗപ്പെടുത്താറില്ലെന്നതാണ് ദുഃഖസത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."