ചെമ്മാട്ടെ ഉപരോധ സമരം; മതേതര കൂട്ടായ്മയുടെ മഹാവിജയം
കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ പൊലിസ് അനാസ്ഥയ്‌ക്കെതിരേ കഴിഞ്ഞ ദിവസം മലപ്പുറം ചെമ്മാട്ട് നടന്ന ഉപരോധ സമരം മതേതര കൂട്ടായ്മയുടെ സമാനതകളില്ലാത്ത മഹാവിജയമായി നമുക്കു കാണാം. സ്ഥലം എം.എല്‍.എ അബ്ദുറബ്ബും ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടക്കമുള്ള വന്‍ജനാവലി അണിനിരന്ന സമരം പൂര്‍ണ വിജയത്തിലെത്തിക്കാന്‍ സാധിച്ചുവെന്നത് ചെറിയ കാര്യമായി കാണാനാവില്ല. നീതിനിഷേധത്തിനെതിരേയുള്ള എട്ടു മണിക്കൂര്‍ നീണ്ട സമരത്തില്‍ ഫൈസലിന്റെ പിതാവും മാതാവും ഭാര്യയും മക്കളും സഹോദരിമാരുമടങ്ങുന്ന കുടുംബവുമുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
സമരക്കാരുടെ ആവശ്യം ബന്ധപ്പെട്ട അധികാരികള്‍ ആദ്യം നിഷേധിച്ചതോടെ ഉച്ച ഭക്ഷണം പോലും ഉപേക്ഷിച്ചാണ് അവര്‍ ദേശീയപാത ഉപരോധത്തിലേക്കു വരെ നീങ്ങിയത്. പ്രകോപനങ്ങളോ അക്രമത്തിന്റെ മാര്‍ഗങ്ങളോ സ്വീകരിക്കാതെ ഒരു പ്രദേശത്തുകാരുടെ നീതിക്കായുള്ള സമാധാനപരമായ സമരം പ്രശംസ അര്‍ഹിക്കുന്നു. ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്കുണ്ടായിട്ടും സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തു നീക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പൊലിസ് നീങ്ങിയില്ലെന്നതും എടുപറയേണ്ട കാര്യമാണ്.
വൈകീട്ട് ആറോടെ നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റിയതായും പുതിയ സംഘത്തെ തീരുമാനിച്ചതായും ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ നേരിട്ടെത്തി അറിയച്ചുവെന്നത് സമരത്തിന്റെ പ്രസക്തിയെ അധികാരികള്‍ തിരിച്ചറിഞ്ഞുവെന്നതിന്റെ തെളിവാണ്. കേവല വര്‍ഗീയ രൂപത്തിലേക്ക് സമരത്തെ തിരിച്ചുവിടാനുള്ള സി.പി.എമ്മിന്റെ ആസൂത്രിത നീക്കത്തിനും ആയിരങ്ങള്‍ അണിനിരന്ന സമരം താക്കീതായി. നീതിന്യായ വ്യവസ്ഥയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഫൈസല്‍ വധക്കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ടുള്ള സമരത്തോട് ഐക്യപ്പെടാന്‍ കേരളത്തിന്റെ മതേതര മനസിന് കഴിയട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."