മുന്‍ കാറ്റലന്‍ സര്‍ക്കാരിനെ പുനഃസ്ഥാപിക്കണമെന്ന് കാര്‍ലെസ് പുജിമോന്റ്
ബാഴ്‌സലോണ: കാറ്റലന്‍ സര്‍ക്കാരിനെ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സ്പാനിഷ് അധികൃതര്‍ തയാറാകണമെന്ന് മുന്‍ കാറ്റലോണിയ പ്രസിഡന്റ് കാര്‍ലെസ് പുജിമോന്റ് ആവശ്യപ്പെട്ടു. വിദേശത്തു കഴിയുന്ന പുജിമോന്റ് ഫെയ്‌സ്ബുക്ക് വഴിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഡിസംബര്‍ 21നു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കാന്‍ സ്പാനിഷ് സര്‍ക്കാര്‍ തയാറാകണം. നിയമസാധുതയുള്ള കാറ്റലോണിയന്‍ സര്‍ക്കാരുമായി സ്‌പെയിന്‍ രാഷ്ട്രീയപരമായ ചര്‍ച്ച ആരംഭിക്കണം-ബെല്‍ജിയത്തില്‍ കഴിയുന്ന പുജിമോന്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ജനഹിത പരിശോധനയെ ശരിവച്ച് കാറ്റലന്‍ പാര്‍ലമെന്റ് സ്വാതന്ത്യം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്പാനിഷ് സര്‍ക്കാര്‍ പ്രാദേശിക ഭരണകൂടത്തെ പുറത്താക്കിയിരുന്നു. മുന്‍ കാറ്റലന്‍ മന്ത്രിമാരെ അറസ്റ്റ് ചെയ്തു ജയിലിലടക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുജിമോന്റും നാലു മന്ത്രിമാരും ബെല്‍ജിയത്തിലേക്കു കടന്നത്. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പെയിന്‍ യൂറോപ്യന്‍ അറസ്റ്റ് വാറന്റ്(ഇ.എ.ഡബ്ല്യു) പുറപ്പെടുവിച്ചിരുന്നെങ്കിലും ബെല്‍ജിയം അംഗീകരിച്ചിരുന്നില്ല.
സ്പാനിഷ് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണ് കഴിഞ്ഞ മാസം കാറ്റലോണിയയില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് പുജിമോന്റിന്റേത് അടക്കമുള്ള സ്വാതന്ത്ര്യവാദി പാര്‍ട്ടികള്‍ ഉജ്ജ്വല വിജയം നേടുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് നാട്ടിലേക്കു തിരിച്ചുപോകുന്നതിനെ കുറിച്ച് പുജിമോന്റ് പ്രതികരിച്ചിട്ടില്ല.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക പാര്‍ലമെന്റിനെ ഈമാസം 17ന് വിളിച്ചുകൂട്ടുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രാജോയ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."