HOME
DETAILS

സ്വപ്നങ്ങള്‍ കാറ്റ് നിറച്ച തുകല്‍പന്തിന് പിന്നാലെ...

  
backup
January 01 2018 | 03:01 AM

football-with-full-of-dreams

ജൂണ്‍ മാസത്തില്‍, പുറത്ത് മഴ തിമിര്‍ത്ത് പെയ്യുമ്പോള്‍ കൈയില്‍ ഒരു കട്ടന്‍ ചായയുമായി ടിവിയുടെ ചതുരക്കാഴ്ചയിലേക്ക് കണ്ണും നട്ടിരിക്കുന്ന നിമിഷം. പെനാല്‍റ്റി കാത്ത് നില്‍ക്കുന്ന ഗോള്‍ കീപ്പറുടെ മാനസികാവസ്ഥ വൈകാരികമായി മറ്റൊരളവില്‍ നമ്മുടെ ഹൃദയ താളത്തെ നിര്‍ണയിക്കുന്ന ഒരു സെക്കന്‍ഡ്. അതെ, കാറ്റ് നിറച്ച ആ തുകല്‍ പന്തിന് പിന്നാലെയാണ് സ്വപ്നങ്ങള്‍ പായാന്‍ ഒരുങ്ങുന്നത്.


പുതുവര്‍ഷം പിറന്നിരിക്കുന്നു. ലോകം 2018ല്‍ എത്തി നില്‍ക്കുന്നു. ഈ വര്‍ഷം പ്രധാനമായും രണ്ട് ലോകകപ്പുകളാണ് കായിക പ്രേമികളെ കാത്തിരിക്കുന്നത്. ഒന്ന് ഫിഫ ലോകകപ്പ് ഫുട്‌ബോള്‍, മറ്റൊന്ന് ഹോക്കി ലോകകപ്പ്. ഒപ്പം ഐ.സി.സി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പും കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സ് പോരാട്ടങ്ങളും ഇത്തവണയുണ്ട്.


2018 ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ ഒരു മാസക്കാലമാണ് ലോക ഫുട്‌ബോള്‍ മഹോത്സവം അരങ്ങേറുന്നത്. കിക്കോഫും പെനാല്‍റ്റിയും ഫ്രീ കിക്കും ഗോളും ഗോള്‍ വലയും എക്‌സ്ട്രാ ടൈമും മാത്രം നമ്മുടെ നാക്കില്‍ തത്തിക്കളിക്കുന്ന സമയം. ഒപ്പം മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോയും ലെവന്‍ഡോസ്‌കിയും പോഗ്ബയും മുള്ളറും നൂയറും അടങ്ങുന്ന താരക്കൂട്ടങ്ങളിലേക്ക് ഉള്ളിന്റെ ഉള്ളിലെ സ്‌നേഹവും വെറുപ്പും ദേഷ്യവും എല്ലാം അവരറിയാതെ നാം പ്രസരിപ്പിക്കും.


നിരാശകളും അത്ഭുതങ്ങളും ആശ്വാസങ്ങളും നെടുവീര്‍പ്പുകളും ആനന്ദങ്ങളും ആഹ്ലാദങ്ങളും അമ്പരപ്പുകളും തുടങ്ങി വികാരങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും തീര്‍ക്കുന്ന പ്രപഞ്ചത്തിലേക്ക് നാം ഊളിയിടും. ഇന്ന് തുടങ്ങി ഏതാണ്ട് അഞ്ച് മാസം പിന്നിടുമ്പോള്‍ പന്തിന് പിന്നാലെ ഓടി നമ്മുടെ കാല്‍പന്ത് ചിന്തകള്‍ ജൂണ്‍ 14ന് റഷ്യയില്‍ എത്തി നില്‍ക്കും.


എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ വീണ്ടും പുരുഷ ഹോക്കി ലോകകപ്പിന് ഇത്തവണ ആതിഥ്യം വഹിക്കുകയാണ്. 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പ് ഹോക്കിയുടെ 14ാം അധ്യായമാണ് ഒഡിഷയിലെ ഭുവനേശ്വറില്‍ അരങ്ങേറുന്നത്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 16 വരെ ലോക ഹോക്കിയിലെ അതികായന്‍മാര്‍ കൊമ്പുകോര്‍ക്കും. പോയ വര്‍ഷം മികച്ച പ്രകടനങ്ങളിലൂടെ പ്രതീക്ഷകള്‍ സമ്മാനിച്ച് കരുത്ത് വീണ്ടെടുത്ത ഇന്ത്യന്‍ ഹോക്കി ടീം പുത്തനുണര്‍വ് നേടി പോരാട്ട ഭൂമിയില്‍ മാറ്റുരയ്ക്കുന്നതിനായി കാത്തിരിക്കാം.


ആസ്‌ത്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡിലുള്ള ഗോള്‍ഡ് കോസ്റ്റിലാണ് ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുന്നത്. ഏപ്രില്‍ നാല് മുതല്‍ ഏപ്രില്‍ 15 വരെ ട്രാക്കിലും പിറ്റിലുമായി കടുത്ത മത്സരങ്ങള്‍ കാണാം. ഐ.സി.സിയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ന്യൂസിലന്‍ഡില്‍ നടക്കും. ഈ മാസം 13 മുതല്‍ ഫെബ്രുവരി മൂന്ന് വരെ 16 ടീമുകളാണ് പോരിനിറങ്ങുന്നത്.


യൂറോപ്പിലെ ഫുട്‌ബോള്‍ സീസണ്‍ പാതി വഴി പിന്നിട്ട് കിരീട ജേതാക്കളെ ഏതാണ്ട് നിര്‍ണയിച്ച് മുന്നോട്ട് പോകുന്നു. സ്‌പെയിനില്‍ ബാഴ്‌സലോണയും ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും അപരാജിതരായി കുതിക്കുന്നു. ഇറ്റലിയില്‍ ഇഞ്ചോടിഞ്ചാണെങ്കില്‍ ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്കും ഫ്രാന്‍സില്‍ പാരിസ് സെന്റ് ജെര്‍മെയ്‌നും എതിരില്ലാതെ കിരീടത്തോടടുക്കുകയാണ്.


ടെന്നീസ് ലോകം പരുക്കിന്റെ വേവലാതികളുമായാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. റാഫേല്‍ നദാല്‍ പരുക്കിന്റെ പിടിയിലേക്ക് വീണ്ടും വീണു. നൊവാക് ദ്യോക്കോവിചും പരുക്കിനെ തുടര്‍ന്ന് വിശ്രമം നീട്ടിയിരിക്കുന്നു. എങ്കിലും ഈ മാസം നടക്കുന്ന ആസ്‌ത്രേലിയന്‍ ഓപണില്‍ ഇരു താരങ്ങളും മാറ്റുരയ്ക്കാനിറങ്ങുമെന്ന് പ്രതീക്ഷിക്കാം.


മാതാവിന്റെ ഉത്തരവാദിത്വവുമായി കഴിയുന്ന വനിതാ ടെന്നീസ് ഇതിഹാസം അമേരിക്കയുടെ സെറീന വില്ല്യംസ് റാക്കറ്റേന്തി ഇത്തവണ കളിക്കളത്തിലേക്ക് തിരികെയെത്തുമോ. റോജര്‍ ഫെഡറര്‍ കഴിഞ്ഞ വര്‍ഷം നേടിയ ആസ്‌ത്രേലിയന്‍ ഓപണ്‍ നിലനിര്‍ത്തുമോ. കാത്തിരുന്നു കാണാം.


ഇന്ത്യന്‍ വെറ്ററന്‍ ഇതിഹാസം ലിയാണ്ടര്‍ പെയ്‌സ് കഴിഞ്ഞ വര്‍ഷത്തെ ഗ്രാന്‍ഡ് സ്ലാം കിരീടമില്ലാത്തതിന്റെ ക്ഷീണം ഇത്തവണ തീര്‍ക്കുമോ എന്ന് കണ്ടറിയാം. വനിതാ ടെന്നീസിലെ ഇന്ത്യന്‍ മുഖമായ സാനിയ മിര്‍സ ആസ്‌ത്രേലിയന്‍ ഓപണില്‍ നിന്ന് പരുക്കിനെ തുടര്‍ന്ന് പിന്‍മാറി കഴിഞ്ഞു.


ഇന്ത്യന്‍ മണ്ണില്‍ വീരഗാഥകള്‍ രചിച്ച് കരുത്തോടെ നമ്മുടെ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലെത്തി കഴിഞ്ഞു. ഈ വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് പരീക്ഷണങ്ങളുടെ കാലമാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞാല്‍ ഇംഗ്ലണ്ട്, ആസ്‌ത്രേലിയ പര്യടനങ്ങളും കാത്തിരിക്കുന്നു. ഇന്ത്യയില്‍ അരങ്ങേറുന്ന ഏഷ്യാ കപ്പ് പോരാട്ടങ്ങളും വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനവും ഇത്തവണയുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കി മറ്റൊരു ഭാവത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും വീണ്ടും പോരാട്ട വഴിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.
സിന്ധുവും, ശ്രീകാന്തും, സൈനയും, പ്രണോയിയും അടങ്ങുന്ന ഇന്ത്യന്‍ ബാഡ്മിന്‍ണ്‍ സംഘം 2018ഉം അവിസ്മരണീയമാക്കുമെന്ന് പ്രതീക്ഷിക്കാം.


ഉസൈന്‍ ബോള്‍ട്ടിന്റെ വിസ്മയ കുതിപ്പ് അവസാനിച്ച് അത്‌ലറ്റിക്‌സ് ലോകം പുതിയ ഘട്ടത്തിലേക്കാണ് ഇത്തവണ പ്രവേശിക്കുന്നത്. ദീര്‍ഘ ദൂരത്തില്‍ മോ ഫറയും പിന്‍വാങ്ങിയ ട്രാക്കില്‍ ഇനിയാരാണ് അപ്രമാദിത്വം പുലര്‍ത്തുന്നതെന്ന് കാട്ടിത്തരാന്‍ കാലം കാത്തുനില്‍ക്കുന്നു...
മനുഷ്യന്റെ വിശേഷ ബുദ്ധി പ്രസരിപ്പിക്കുന്ന പ്രത്യാശകളാണ് ജീവിക്കാനുള്ള പ്രേരണ നല്‍കുന്നത്. കായിക പോരാട്ടങ്ങള്‍ എല്ലാ കാലത്തും മനുഷ്യ സമൂഹത്തിന്റെ ഗതിവിഗതികളെ നിര്‍ണയിച്ചിട്ടുണ്ട്. അത് അനസ്യൂതം തുടരുക തന്നെ ചെയ്യും. സ്റ്റാനിസ്ലാസ് വാവ്‌റിങ്ക എത്രയോ കാലമായി നമ്മുടെ ടെന്നീസ് പരിസരങ്ങളില്‍ റാക്കറ്റുമായുണ്ട്. കരിയറില്‍ ഏതാണ്ട് 465 മത്സരങ്ങള്‍ കളിച്ചതില്‍ പകുതിയിലും അയാള്‍ പരാജയപ്പെട്ടതാണ്. പന്ത്രണ്ട് വര്‍ഷക്കാലം തുടര്‍ച്ചയായി കളിച്ച ശേഷമാണ് വാവ്‌റിങ്ക ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. 2014ല്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ നേടിയ താരം 2015ല്‍ ഫ്രഞ്ച് ഓപണും 2016ല്‍ യു.എസ് ഓപണും നേടി. നിരാശപ്പെടാതെ പൊരുതിയാണ് അയാള്‍ നേട്ടങ്ങളിലേക്ക് കുതിച്ച് കയറിയത്. നിരന്തരമായ പരാജയങ്ങളില്‍ തളരാതെ മുന്നേറാനുള്ള പ്രചോദനമാണ് ഓരോ കായിക പോരാട്ടങ്ങളും മനുഷ്യ സമൂഹത്തിന് പഠിപ്പിച്ചു തരുന്ന ഏറ്റവും വലിയ പാഠം.


വിഖ്യാത ഫുട്‌ബോള്‍ താരം ജോര്‍ജ് വിയ കഴിഞ്ഞ ദിവസമാണ് ലൈബീരിയന്‍ പ്രസിഡന്റ് മത്സരത്തില്‍ വിജയിച്ചതെന്ന കാര്യം കൂടി ചേര്‍ത്തു വായിക്കുക. വലിയ അവകാശ വാദങ്ങളൊന്നും ഉന്നയിക്കാനില്ലാത്ത ഒരു കുഞ്ഞു രാജ്യത്ത് നിന്ന് കാല്‍പന്തിലുള്ള തന്റെ നൈസര്‍ഗിക വാസന കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ ആ മനുഷ്യന്‍ തന്റെ രാജ്യത്തെ ജനങ്ങളെ ഔന്നത്യത്തിലേക്ക് നയിക്കാനുള്ള പോരാട്ടത്തിന്റെ കടിഞ്ഞാണേന്തി. ലൈബീരിയന്‍ ജനത ഒറ്റക്കെട്ടായി അതിനെ പിന്തുണയ്ക്കുന്ന കാഴ്ച ലോകം ആവോളം ആസ്വദിച്ചു.


പോരാട്ടം തുടരുക തന്നെയാണ്. വിപ്ലവങ്ങളും സമരങ്ങളും തകര്‍ച്ചകളും ഉയിര്‍ത്തെഴുന്നേല്‍പ്പുകളും കണ്ട റഷ്യന്‍ മണ്ണില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ കായിക മാമാങ്കം അരങ്ങേറും.
മോസ്‌ക്കോയിലെ ലസിങ്കി സ്റ്റേഡിയത്തില്‍ ജൂണ്‍ 14ന് ഇന്ത്യന്‍ സമയം രാത്രി 8.30ന് റഷ്യയും സഊദി അറേബ്യയും തമ്മില്‍ ഏറ്റുമുട്ടുന്നതോടെ ഫുട്‌ബോളിലെ പുതിയ ലോക ജേതാവിനെ തേടിയുള്ള യാത്രയ്ക്ക് തുടക്കമാകും. കിക്കോഫിനുള്ള ലോങ് വിസില്‍ മുഴങ്ങാന്‍ കുറച്ച് സമയം മാത്രമേ ബാക്കിയുള്ളു. വരു... കണ്ണ് തുറന്ന് കാതോര്‍ത്തിരിക്കാം...

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യവിഷബാധ: കേസുകളുടെ അന്വേഷണം പൂര്‍ത്തിയാകും വരെ പ്രവാസികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സഊദി അറേബ്യ

Saudi-arabia
  •  19 days ago
No Image

ശബരിമലയില്‍ മരച്ചില്ല വീണ് തീര്‍ത്ഥാടകന് പരുക്ക്

Kerala
  •  19 days ago
No Image

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടി; സ്വദേശി പൗരന് നാല് വര്‍ഷം തടവ് 

Kuwait
  •  19 days ago
No Image

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ തീവ്രമാകും; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  19 days ago
No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  19 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  19 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  19 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  19 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  19 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  19 days ago