പോള്‍ ആന്റണി ചുമതലയേറ്റു കേരളത്തിന്റെ 44 ാമത് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു. കേരളത്തിന്റെ 44ാമതു ചീഫ് സെക്രട്ടറിയാണ്. വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്നു. ചീഫ് സെക്രട്ടറിയുടെ ചേംമ്പറില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന ഡോ. കെ.എം. എബ്രഹാമില്‍ നിന്നാണ് ചുമതലയേറ്റെടുത്തത്.
എബ്രഹാമിന്റെ സ്ഥാനത്തേക്ക് വരുന്നതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബൃഹത് പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനായിരിക്കും മുന്‍ഗണന. വളരെ വലിയ അവസരമായാണ് സ്ഥാനലബ്ധിയെ കാണുന്നത്.
ചടങ്ങില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ ടോം ജോസ്, രാജീവ് സദാനന്ദന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ഡോ.വി. വേണു, ബിശ്വനാഥ് സിന്‍ഹ, ബി. ശ്രീനിവാസ്, ടിക്കാറാം മീണ, ഇ.കെ. മാജി, സെക്രട്ടറിമാരായ കെ.ആര്‍. ജ്യോതിലാല്‍, ഉഷാ ടൈറ്റസ്, ഷര്‍മിള മേരി ജോസഫ്, രാജന്‍ ഖോബ്രഗഡെ, എം. ശിവശങ്കര്‍, എ. ഷാജഹാന്‍, സഞ്ജയ് എം. കൗള്‍, സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, പി.ആര്‍.ഡി ഡയറക്ടര്‍ സുഭാഷ് റ്റി.വി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
1983 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ പോള്‍ ആന്റണിക്ക് അടുത്ത വര്‍ഷം ജൂണ്‍ 30വരെ സര്‍വിസുണ്ട്. കേന്ദ്ര സെക്രട്ടറിമാരുടെ പട്ടികയില്‍ എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള പോള്‍ ആന്റണി തൃശൂര്‍ കാട്ടൂര്‍ ആലപ്പാട്ട് പാലത്തിങ്കല്‍ പി.പി.ആന്റണിയുടെ മകനാണ്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കലക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വി.എസ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി, പട്ടികവിഭാഗ ക്ഷേമ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു.
2011 മുതല്‍ 2016 വരെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ചെയര്‍മാനായി. 2000- 2005 കാലത്തു കൊച്ചി സ്‌പെഷല്‍ ഇക്കണോമിക് സോണിന്റെ ഡവലപ്‌മെന്റ് കമ്മിഷണറായിരുന്നു. ഈ സമയത്തു കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ബോര്‍ഡിന്റെ ട്രസ്റ്റിയുമായി. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍, വാണിജ്യ നികുതി കമ്മിഷണര്‍, സപ്ലൈകോ എം.ഡി, വ്യവസായ വാണിജ്യ ഡയരക്ടര്‍ പദവികളും വഹിച്ചിട്ടുണ്ട്.
ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നു ധനതത്വശാസ്ത്രത്തില്‍ എം.എ നേടിയ പോള്‍ ആന്റണി ബ്രിട്ടനിലെ ബര്‍മിങ്ഹാം യൂനിവേഴ്‌സിറ്റിയില്‍നിന്ന് പബ്ലിക് ഇക്കണോമിക് മാനേജ്‌മെന്റിലും എം.എ നേടിയിട്ടുണ്ട്. ബംഗളൂരു, അഹമ്മദബാദ്, കൊല്‍ക്കത്ത ഐ.ഐ.എമ്മുകളില്‍ പരിശീലനം നേടി. ഭാര്യ: നൈന പോള്‍. തെരേസ പോള്‍, ആന്റണി പോള്‍ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."