'ജാദവിനെ പോലെ എന്റെ ഉമ്മയും കണ്ണാടി മറക്കപ്പുറത്തായിരുന്നു'- സുഷമയ്ക്ക് യാസീന്‍ മാലിക്കിന്റെ തുറന്ന കത്ത്
ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെ വിദേശകാര്യ മന്ത്രി സുഷമസ്വരാജിന് തുറന്ന കത്തുമായി ജെ.കെ.എല്‍.എഫ് നേതാവ് യാസീന്‍ മാലിക്ക് രംഗത്ത്. ജാദവിന്റേതു പോലെ താന്‍ തടവിലായിരിക്കെ സന്ദര്‍ശിക്കാനെത്തിയ ഉമ്മയും സഹോദരിയും കണ്ണാടി മറക്കപ്പുറത്തു തന്നെയായിരുന്നുവെന്നാണ് യാസീന്‍ മാലിക്കിന്റെ പ്രതികരണം.
' ഒരു ആക്ടിവിസ്റ്റായല്ല, സാധാരണക്കാരനായാണ് ഞാന്‍ ഈ എഴുത്തെഴുതുന്നത്. ജാവേദിന്റെ മാതാവിനെ പോലെ തന്നെ മകനെ പുണരാന്‍ അവകാശം നിഷേധിക്കപ്പെട്ടവളാണ് എന്റെ ഉമ്മയും. അതും തിഹാര്‍ ജയിലുള്‍പെട രാജ്യത്തെ വിവിധ ജയിലുകളില്‍. കണ്ണാടി മറക്കപ്പുറത്തെ എന്നെ കണ്ട് സഹിക്കാനാവാതെ എന്റെ സഹോദരി കരയുന്ന ചിത്രം ഇപ്പോഴും മായാതെ മനസ്സിലുണ്ട്'- യാസീന്‍ പറയുന്നു. ജാദവിനെ പോലെ ഒരു ഇന്റര്‍കോം വഴിയാണ് തങ്ങള്‍ സംസാരിച്ചതെന്നും സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അവരെയൊന്ന് തൊടാന്‍ പോലുംഅനുവിദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതില്‍ ഇന്ത്യ റെക്കോര്‍ഡിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ കുടുംബത്തെ അവസാനമായി ഒന്നു കാണാന്‍പോലും അനുവദിക്കാതെയാണ് കശ്മീര്‍ വിമോചനപ്പോരാളി മഖ്ബൂല്‍ ഭട്ടിനെ തൂക്കിലേറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."