പൊതു വിദ്യാലയ സംരക്ഷണത്തിന് സര്‍ക്കാര്‍ ഒരുക്കം തുടങ്ങി
എടച്ചേരി:പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. മുഴുവന്‍ പൊതു വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പേരില്‍ ബൃഹത്തായ പദ്ധതി.
എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ചുള്ള ഉത്തരവുകള്‍ വിദ്യാലയങ്ങളില്‍ എത്തിക്കഴിഞ്ഞു. ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിന് അധ്യാപക രക്ഷാകര്‍തൃ സമിതികളും പൂര്‍വ വിദ്യാര്‍ഥി സമിതികളും വിളിച്ചു ചേര്‍ക്കും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് ജനുവരി 27ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
അന്ന് വിദ്യാലയങ്ങളില്‍ പൂര്‍ണമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യണം. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായം തേടാം. പതിനൊന്ന് മണിയോടെ ശുചീകരണ പ്രവൃത്തികള്‍ അവസാനിപ്പിച്ച് പ്രതിജ്ഞ എടുക്കണം.
പ്രതിജ്ഞയ്ക്ക് മുന്‍പായി അധ്യാപകരും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും സ്‌കൂളിന് ചുറ്റും കൈകോര്‍ത്ത് വലയം തീര്‍ക്കണം.
ഈ പ്രതിജ്ഞയും സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. അധ്യയനത്തിന് തടസ്സമുണ്ടാകുന്ന വിധം മൈക്ക് ഉപയോഗിച്ച് യോഗങ്ങള്‍ നടത്തുകയോ പ്രസംഗങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യരുതെന്ന് ഉത്തരവില്‍ സൂചിപ്പിച്ചിട്ടുമുണ്ട് .
പൊതു വിദ്യാലയത്തിന്റെ സുഗമമായ പുരോഗമനത്തിന് പൊതുജനങ്ങളുടെ പൂര്‍ണ പിന്തുണ അനിവാര്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."