ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ വില്‍ക്കുന്നത് കുത്തകകളെ സഹായിക്കാന്‍: പിണറായി
കൊച്ചി:എല്‍.ഐ.സി അടക്കമുള്ള പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ വില്‍ക്കുന്നത് സ്വകാര്യകുത്തകകളെ സഹായിക്കാനെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആള്‍ ഇന്ത്യ ഇന്‍ഷൂറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ 24-ാമതു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യകമ്പനികളെ സഹായിക്കാനാണ് ഇന്‍ഷൂറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്തിയത്. ജനവിരുദ്ധ നയമാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിദേശ നിക്ഷേപ സഹായത്താല്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ പിടിമുറുക്കുന്നത് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍നിന്നു സാധാരണക്കാരും പാവപ്പെട്ടവരും പുറത്താക്കാന്‍ ഇടയാക്കും. ഉന്നതര്‍ക്കുവേണ്ടിയാണു സ്വകാര്യമേഖല പ്രവര്‍ത്തിക്കുക. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ എല്‍.ഐ.സി മാതൃകയില്‍ ഒറ്റ സംവിധാനത്തിനു കീഴില്‍ കൊണ്ടുവരണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ ചെവികൊടുത്തില്ല. അതേസമയം ട്രേഡ് യൂനിയനുകളുടെയും മറ്റു പാര്‍ട്ടികളുടെയും എതിര്‍പ്പു വകവെക്കാതെ സ്റ്റേറ്റ് ബാങ്കുകളുടെ ലയനവുമായി മുന്നോട്ടുപോകാനാണു സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ശക്തമായി പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എ.ഐ.ഐ.ഇ.എ അഖിലേന്ത്യ പ്രസിഡന്റ് അമാനുല്ല ഖാന്‍ അധ്യക്ഷനായി.
സാമൂഹികപ്രശ്‌നങ്ങളില്‍ വിദ്യാര്‍ഥികള്‍ ഇടപെടണം
തൃശൂര്‍:സാമൂഹിക പ്രശ്‌നങ്ങളില്‍ വിദ്യാര്‍ഥികള്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിമൂന്നാം പദ്ധതി- നവകേരളത്തിന് ജനകീയാസൂത്രണം ഉദ്ഘാടനത്തോടനുബന്ധിച്ച് നവകേരളത്തിന് യുവത സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ പ്രൈമറി മുതല്‍ പ്രൊഫഷനല്‍ കോളജ് വരെ സമാന്തര സ്വാശ്രയ വിദ്യാഭ്യാസ സംവിധാനം സംസ്ഥാനത്തുണ്ട്.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നില്ല. ഇവിടെ മാതൃകാ പരമായ ഇടപെടലുകള്‍ വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്ന് ഉണ്ടാകണം. പൊതുകാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന ചിന്ത വളര്‍ന്നു വരുന്നത് ആശങ്കാജനകമാണ്. ഇതില്‍ നിന്നാണ് വര്‍ഗീയതയും സ്വജനപക്ഷപാതവും ഉയര്‍ന്നു വരുന്നത്. ഇത് നാടിന്റെ പുരോഗതിയെ പിന്നോട്ട് വലിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു. കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."