ബി.ജെ.പി പ്രവര്‍ത്തകന്റെ കൊല: ദുര്‍ബലമായ നിലപാടിലുറച്ച് സി. പി.എം
കണ്ണൂര്‍:മുഖ്യമന്ത്രി പിണറായി വിജയന്റ മണ്ഡലമായ ധര്‍മടത്തെ അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടിലുറച്ച് സി.പി.എം.
അണ്ടല്ലൂര്‍ മുല്ലപ്രം ചോമന്റവിട എഴുത്താന്‍ സന്തോഷ്‌കുമാര്‍(52) കൊല്ലപ്പെട്ടത് കുടുംബ വഴക്കിലാണെന്ന നിലപാടിലായിരുന്നു സി.പി.എം. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സന്തോഷിനെ നേരത്തെ ആര്‍.എസ്.എസുകാര്‍ ആക്രമിച്ചിട്ടുണ്ടെന്നും ധര്‍മടം പൊലിസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ചു സന്തോഷ് നല്‍കിയ പരാതിയുണ്ടെന്നും കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇന്നലെ പ്രദേശത്തെ ആറു സി.പി.എം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തതോടെ ഈ വാദം ദുര്‍ബലമായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അണ്ടല്ലൂര്‍ വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി സന്തോഷ് മത്സരിച്ചിരുന്നു.
ഇവിടെ ബൂത്ത് പ്രസിഡന്റും സന്തോഷ് കുമാറായിരുന്നു. ഈ രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് പറയുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് ധര്‍മടം ബ്രണ്ണന്‍ കോളജില്‍ വിവേകാനന്ദ ജയന്തിയുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ, എ.ബി.വി.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയും മുന്‍ എസ്.എഫ്.ഐ നേതാവിനു വെട്ടേറ്റതും വൈരാഗ്യം വര്‍ധിപ്പിച്ചു.
ഇതാണ് പെട്ടെന്നുള്ള കൊലപാതകത്തിനിടയാക്കിയതെത്രെ. കഴുത്തിനും പുറത്തും വെട്ടേറ്റ സന്തോഷ് ചോരവാര്‍ന്നാണ് മരിച്ചത്.
ഇതിനിടയില്‍ ഇദ്ദേഹം അടുത്തുള്ള ചിലരെ വിളിച്ചു തനിക്കു വെട്ടേറ്റുവെന്നും സംഘത്തിലുണ്ടായിരുന്ന അറിയുന്നവരുടെ പേരും പറയുകയുണ്ടായി. ഇതാണ് പൊലിസ് മുഖ്യതെളിവായി സ്വീകരിച്ചത്. എന്നാല്‍ പിടിയിലായവര്‍ സി.പി. എമ്മുകാരല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സന്തോഷ് കുമാര്‍ വധത്തില്‍ രാഷ്ട്രീയം കലര്‍ത്താതെ സമഗ്രാന്വേഷണം നടത്തണമെന്നു സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജനും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."