സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാല്‍ പകര്‍ച്ചവ്യാധികള്‍ തടയാനാവും: മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയും ശ്രമിക്കുകയും ചെയ്താല്‍ പകര്‍ച്ചവ്യാധികള്‍ തടയാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാലിന്യവും ശുചിത്വമില്ലായ്മയുമാണ് പകര്‍ച്ചവ്യാധികള്‍ക്ക് പ്രധാനകാരണമെന്ന് അനുഭവത്തിലൂടെ മനസിലായിട്ടുണ്ട്. മാലിന്യം നീക്കം ചെയ്യുന്ന നടപടിക്ക് പലപ്പോഴും കാലതാമസം ഉണ്ടാവുന്നുണ്ട്. ഇതിന് മാറ്റം സംഭവിക്കണം. എല്ലാവരും ഒരേ മനസോടെ മാലിന്യം നീക്കം ചെയ്യാനും ശുചിത്വം പാലിക്കാനും രംഗത്തിറങ്ങിയാല്‍ നാട്ടില്‍ നല്ലരീതിയില്‍ മാറ്റമുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പനിയും പകര്‍ച്ചവ്യാധികളും തടയുന്നതിനായി നടപ്പാക്കുന്ന ആരോഗ്യ ജാഗ്രതാ പരിപാടി തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശുചീകരണം ഫലപ്രദമായി നടപ്പാക്കുകയെന്നതാണ് ആരോഗ്യ ജാഗ്രത പദ്ധതിയില്‍ പ്രധാനം. നാട്ടില്‍ ഇതിനായി സമഗ്ര ബോധവത്കരണം നടത്തേണ്ടതുണ്ട്. അടുത്ത മഴയ്ക്ക് മുമ്പുള്ള ഘട്ടത്തില്‍ ഓരോ പ്രദേശത്തിനും ഫലപ്രദമായി പദ്ധതി രൂപരേഖയുണ്ടാവണം. തദ്ദേശസ്ഥാപനങ്ങളുടെ ശരിയായ ഇടപെടല്‍ ഇതിനാവശ്യമാണ്. ശുചീകരണ പ്രവര്‍ത്തനത്തിന്റെ പ്രധാന ചുമതല തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ഇപ്പോഴുള്ള പ്രതിസന്ധികളും അവ എങ്ങനെ ഒഴിവാക്കാനാവുമെന്നും തദ്ദേശസ്ഥാപനങ്ങള്‍ വിലയിരുത്തണം.
ഓരോ ജില്ലയിലും പദ്ധതിയുടെ ഏകോപനത്തിന് ഓരോ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എം. എല്‍. എമാരും മറ്റു ജനപ്രതിനിധികളും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കും. ജില്ലാ കളക്ടര്‍മാര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ഒത്തുചേര്‍ന്നു വേണം ജനകീയ ഇടപെടല്‍ പൂര്‍ത്തിയാക്കാന്‍. പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഇപ്പോഴുള്ളതില്‍ അധികം ചുമതലകള്‍ വഹിക്കേണ്ടതുണ്ട്. ദൈനംദിന റിപ്പോര്‍ട്ടിംഗും കോണ്‍ഫറന്‍സുകളുമൊക്കെ നടക്കുന്നുണ്ടെങ്കിലും രോഗപ്രതിരോധം വേണ്ട രീതിയില്‍ വിജയിപ്പിക്കാനായിട്ടില്ല. ഇത്തരം പ്രശ്‌നങ്ങള്‍ എങ്ങനെ പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധരും ഗവേഷകരും ഡോക്ടര്‍മാരും പരിശോധിക്കേണ്ട ഘട്ടമെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യജാഗ്രതാ ആപ്പിന് മുഖ്യമന്ത്രി തുടക്കം കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."