സര്‍ക്കാരിനു തലവേദന സൃഷ്ടിച്ച് ജയരാജനു ശേഷം ജയകുമാര്‍
തിരുവനന്തപുരം:എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രതിഛായയ്ക്കു തുടക്കത്തില്‍ മങ്ങലേല്‍പിച്ച ഇ.പി ജയരാജന്റെ രാജിക്കു പിറകെ മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി എന്‍.കെ ജയകുമാറിനെതിരേ ഉയരുന്ന അഴിമതി ആരോപണവും സര്‍ക്കാരിനു തലവേദനയാകുന്നു. നുവാല്‍സ് വൈസ് ചാന്‍സിലറായിരിക്കെ ജയകുമാര്‍ നടത്തിയ അഴിമതിയെക്കുറിച്ചുള്ള ആരോപണം തെളിവു സഹിതം ഉയരുമ്പോള്‍ പ്രതിരോധിക്കാനാവാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.
അഴിമതി ചൂണ്ടിക്കാട്ടി ജയകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്തുവന്നത് മുസ്‌ലിം യൂത്ത് ലീഗാണ്. രേഖകളെല്ലാം ശേഖരിച്ചാണ് യൂത്ത്‌ലീഗിന്റെ പടപ്പുറപ്പാട്. ഇവയെല്ലാം വിജിലന്‍സിനു കൈമാറി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാനുള്ള ഒരുക്കത്തിലാണ് അവര്‍.
വിജിലന്‍സിന്റെ ഭാഗത്തു നിന്ന് നടപടികളുണ്ടായില്ലെങ്കില്‍ സമരരംഗത്തിറങ്ങുമെന്നും നേതാക്കള്‍ പറയുന്നു. പിന്നാലെ ഇതേ ആവശ്യമുന്നയിച്ച് ബി.ജെ.പിയും രംഗത്തു വന്നിട്ടുണ്ട്. യു.ഡി.എഫിന്റെ ഭാഗത്തു നിന്ന് ഈ ആവശ്യമുയര്‍ന്നിട്ടില്ലെങ്കിലും യൂത്ത് ലീഗിന്റെ നീക്കം ശക്തമായാല്‍ വിഷയം മുന്നണി ഏറ്റെടുക്കേണ്ടിവരുമെന്ന് ഉറപ്പാണ്. അതോടെ ഇതു സജീവ ചര്‍ച്ചാവിഷയമാകുമെന്ന് യൂത്ത് ലീഗ് കരുതുന്നു.
അത്തരമൊരു സാഹചര്യമുണ്ടായാല്‍ ജയകുമാറിനെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. അന്വേഷണം നടന്നാല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനിടയുണ്ട്. നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) വൈസ് ചാന്‍സിലറായിരിക്കെ എച്ച്.പി.എല്‍ എന്ന കമ്പനിക്ക് ചട്ടവിരുദ്ധമായി 15 കോടിയോളം രൂപ അനുവദിച്ചെന്നാണ് പ്രധാന ആരോപണം. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസും നുവാല്‍സ് ചാന്‍സിലറുമായിരുന്ന അശോക് ഭൂഷണ്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ശമ്പളയിനത്തില്‍ ജയകുമാര്‍ അധികമായി 8,73,214 രൂപ അധികമായി കൈപ്പറ്റിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി പദവിയില്‍ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യേണ്ടി വരും.
ബന്ധു നിയമന വിവാദത്തിന്റെ പേരില്‍ ഇ.പി ജയരാജനു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതിനു പിറകെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഒരു പ്രമുഖനെ അഴിമതി ആരോപണത്തിന്റെ പേരില്‍ ഒഴിവാക്കേണ്ടി വരുന്ന സാഹചര്യം സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിഛായയ്ക്കു കാര്യമായ കോട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."