ഇറാന്‍ പ്രക്ഷോഭം: സംഘര്‍ഷം വ്യാപകമാവുന്നു, മരണം 12 ആയി
തെഹ്‌റാന്‍: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു. നാലാം ദിവസത്തിലേക്ക് കടന്ന പ്രക്ഷോഭത്തിനിടെ അങ്ങിങ്ങായുണ്ടായ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.
സാമ്പത്തിക ഞെരുക്കവും, ഉയര്‍ന്ന ജീവിതച്ചെലവുമാണ് ജനങ്ങളെ തെരുവിലിറക്കാന്‍ പ്രേരിപ്പിച്ചത്. ഡിസംബര്‍ 28നു തുടങ്ങിയ റാലി ആരുടെയും നേതൃത്വമില്ലാതെയാണ് രാജ്യവ്യാപകമായി നടന്നുവരുന്നത്.
400 ല്‍ അധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സ്റ്റേറ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, പ്രതിഷേധക്കാര്‍ കേടുപാടു വരുത്തിയ ഭാഗങ്ങളുടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
റൂഹാനിയുടെ പ്രതികരണം
മൂന്നാം ദിവസമായ ഞായറാഴ്ചയാണ് സംഭവത്തില്‍ പ്രതികരണവുമായി ഇറാന്‍ പ്രസിഡന്റ് റൂഹാനി രംഗത്തെത്തിയത്. പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും എന്നാല്‍ അക്രമം സ്വീകാര്യമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മഷ്ഹദില്‍ നിന്നാണ് പ്രക്ഷോഭം തുടങ്ങിയത്. പിന്നീട് തലസ്ഥാന നഗരിയായ തെഹ്‌റാനിലേക്ക് അടക്കം നീങ്ങുകയായിരുന്നു. റൂഹാനി സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന ആവശ്യമുയര്‍ത്തി പ്രകടനം നടത്തുന്നതിന്റെ സോഷ്യല്‍ മീഡിയാ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.
അമേരിക്ക 'നിരീക്ഷിക്കുന്നു'
ഇറാന്‍ പ്രസിഡന്റ് റൂഹാനിക്കും മുന്‍പേ പ്രതികരിച്ചത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. ''മനുഷ്യാവകാശ ലംഘനങ്ങള്‍ യു.എസ് സസൂക്ഷ്മം നിരീക്ഷിക്കുകയാണ്''- ഡിസംബര്‍ 31ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."