ട്രംപില്‍ ആശങ്കയറിയിച്ച് ചൈന
ബെയ്ജിങ്: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ആശങ്കയറിയിച്ച് ചൈനീസ് മാധ്യമങ്ങള്‍. ട്രംപിന്റെ ഭരണത്തിന് കീഴില്‍ ചൈന-അമേരിക്ക ബന്ധം മോശമാകുമെന്ന് മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷ സാധ്യത ചെറുകിട പ്രതിരോധ കമ്പനികള്‍ മുതലെടുക്കുമെന്നും മേഖലയില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ വ്യാപാര സംബന്ധമായ പ്രശ്‌നങ്ങള്‍ യു.എസ് ഉണ്ടാക്കിയാല്‍ നേട്ടം ചൈനയ്ക്കാണെന്നും ഡെയ്‌ലി പറഞ്ഞു. അതേസമയം വാഷിങ്ടണുമായുള്ള ബന്ധം വരുംദിനങ്ങളിര്‍ നല്ലതാകില്ലെന്ന് ചൈനീസ് വിദേശകാര്യ വിദഗ്ധരും സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. കൃത്യമായ മുന്നൊരുക്കങ്ങള്‍ ഇക്കാര്യത്തില്‍ നടത്തിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.
നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ചൈനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു ട്രംപ്. കള്ളപ്പണത്തിന്റെ വക്താക്കളെന്ന് വിശേഷിപ്പിക്കുകയും വ്യാപാര മേഖലയില്‍ ചൈനയ്‌ക്കെതിരേ തുറന്നയുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു അദ്ദേഹം. അതേസമയം സ്ഥാനാരോഹണ പ്രസംഗത്തില്‍ വിദേശ കമ്പനികള്‍ അമേരിക്കക്കാരുടെ അവസരങ്ങള്‍ ഇല്ലാതാക്കി അതുവഴി പണക്കാരായെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഇത് ചൈനയെ ലക്ഷ്യമിട്ടാണെന്ന് അഭ്യൂഹമുണ്ട്.
ചൈനയ്‌ക്കെതിരായ നിലപാട് അമേരിക്ക കടുപ്പിച്ച സാഹചര്യത്തില്‍ ഏഷ്യാ-പസഫിക് മേഖലയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നാല്‍ അമേരിക്കയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ചൈനീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. പക്ഷേ അമേരിക്കയില്‍ നിന്ന് ഇക്കാര്യത്തില്‍ അനുകൂല പ്രസ്താവനകള്‍ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."