ഇട്ടിയപ്പാറയിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകം: അന്വേഷണം സി.ബി.ഐക്ക് വിട്ടു
കൊച്ചി: റാന്നി ഇട്ടിയപ്പാറയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവായി. പൊലിസ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്കിയ കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഈ കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മകള്‍ ഡോ. ജിക്കി ജോണ്‍, ബന്ധു ജോര്‍ജ് തോമസ് എന്നിവര്‍ നല്കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
കൊല്ലപ്പെട്ട ജോര്‍ജിന്റെ കഴുത്തില്‍ വെട്ടേറ്റ മുറിവുണ്ടായിരുന്നുവെന്ന് കോടതി പറഞ്ഞു. വീടിന്റെ ഒന്നാം നിലയിലേക്കുള്ള പടികളിലും കര്‍ട്ടനിലും അലമാരയിലും ഫോറന്‍സിക് വിദഗ്ധര്‍ രക്തക്കറ കണ്ടെത്തിയിരുന്നു. അലമാരയില്‍ രക്തം പുരണ്ട കത്തിയും ഡൈനിങ് റൂമിലെ കിടയ്ക്കക്കടിയില്‍ നിന്ന് നാടന്‍ തോക്കും കണ്ടെത്തി. ടെലിഫോണ്‍ റിസീവര്‍ മാറ്റിവച്ചിരുന്നു. ജോര്‍ജ് ഭാര്യയെ കൊന്നിട്ട് ആത്മഹത്യ ചെയ്തതാണെന്ന വാദം തെറ്റാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. കൊലപാതകമാണെന്ന നിഗമനത്തില്‍ എത്താന്‍ അലമാരയില്‍ കണ്ട കത്തി മാത്രം മതി. ഇവയൊന്നും അന്വേഷണ ഉദ്യോഗസ്ഥന് എന്തുകൊണ്ട് കണ്ടെത്തിയില്ലെന്നത് നിഗൂഢമാണ്- ഈ സാഹചര്യത്തിലാണ് അന്വേഷണത്തിനു ഉത്തരവിടുന്നതെന്നു കോടതി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് വിചാരണ തുടങ്ങാനിരിക്കെയാണ് പുതിയ കേസായി പരിഗണിച്ച് സി.ബി.ഐ അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. 2014 ഡിസംബര്‍ 16 നാണ് ഇട്ടിയപ്പാറ വലിയപറമ്പില്‍പടി ചുഴുകുന്നില്‍ ജോര്‍ജ് ജോണ്‍ (75), ഭാര്യ കുഞ്ഞൂഞ്ഞമ്മ ജോണ്‍ (72) എന്നിവരുടെ മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."