ട്രംപിനെതിരേ പ്രതിഷേധം: 217 പേര്‍ അറസ്റ്റില്‍
വാഷിങ്ടണ്‍: ട്രംപിന്റെ സത്യപ്രതിജ്ഞക്ക് ശേഷവും രാജ്യവ്യാപകമായി അമേരിക്കയില്‍ കടുത്ത പ്രതിഷേധം. ന്യൂ ജഴ്‌സിയിലും മാന്‍ഹട്ടനിലുമാണ് ഏറ്റവുമധികം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. പലയിടങ്ങളിലും പൊലിസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് റബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും ജലപീരങ്കിയും മുളകു സ്‌പ്രേയും ഉപയോഗിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. സംഭവത്തില്‍ പൊലിസ് ഇതുവരെ 217 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
ചിലപ്രദേശങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അതിരുവിട്ടതായി വാഷിങ്ടണിലെ താല്‍ക്കാലിക പൊലിസ് ചീഫ് പീറ്റര്‍ ന്യൂഷാം വ്യക്തമാക്കി. വാഷിങ്ടണില്‍ വനിതകളുടെ പ്രതിഷേധ പ്രകടനമാണ് ഇനി നടക്കാനുള്ളത്. രണ്ടു ലക്ഷത്തിനടുത്ത് ആളുകള്‍ പ്രകടനത്തിന് വന്നെത്തുമെന്ന് ചരിത്രകാരന്‍ ജിം ബെന്‍ഡാറ്റ് പറഞ്ഞു.
കെ. സ്ട്രീറ്റില്‍ നടന്ന പ്രകടനത്തിനിടെ പ്രതിഷേധക്കാര്‍ കടകളും ബസ് സ്റ്റോപ്പുകളും അടിച്ചു തകര്‍ത്തു. സ്ഥിതി നിയന്ത്രണ വിധേയമാക്കാനെത്തിയ പൊലിസ് പ്രതിഷേധക്കാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു.
അമേരിക്കയ്ക്ക് പുറത്തും ട്രംപിനെതിരേ വനിതാ കൂട്ടായ്മകള്‍ രംഗത്തെത്തി. ലണ്ടന്‍, സിഡ്‌നി, എഡിന്‍ബര്‍ഗ്, ഗ്ലാസ്‌ഗോ, മാഞ്ചസ്റ്റര്‍ എന്നീ സ്ഥലങ്ങളിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയത്. ട്രംപിന്റെ ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് ഇവരുടെ വാദം. ലിംഗ നീതി, ആരോഗ്യം, ഗര്‍ഭച്ഛിദ്ര അവകാശം, വോട്ടിങ് അവകാശം എന്നിവ ഉറപ്പാക്കുന്നതില്‍ ട്രംപ് പരാജയപ്പെടുമെന്നും പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."