തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു
ബാലരാമപുരം: ബാലരാമപുരത്തിന് സമീപം ശാന്തിപുരത്ത് പുതുവത്സരാഘോഷത്തിനിടെയുണ്ടായ വാക്കേറ്റത്തിലും സംഘര്‍ഷത്തിലും തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. ബാലരാമപുരം റസല്‍പുരം കളത്തുവിളയില്‍ കെ.എസ്.നിവാസില്‍ അരുണ്‍ജിത്താണ് (31) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരു യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസം രാത്രി 11.15 ഓടെ ബാലരാമപുരം ശാന്തിപുരം പാറക്കുഴി കോളനിയിലെ പുതുവത്സര ആഘോഷം കാണാന്‍ സുഹൃത്തുക്കളുമായി എത്തിയ അരുണ്‍ജിത്തും പ്രദേശവാസികളായ ഒരു സംഘം യുവാക്കളും തമ്മിലുണ്ടായ വാക്കേറ്റം രണ്ട് ചേരികളായി തിരിഞ്ഞ് അടിപിടിയില്‍ കലാശിക്കുകയായിരുന്നു.
സംഘര്‍ഷത്തില്‍ തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയിലായ അരുണ്‍ജിത്തിനെ വിവരമറിഞ്ഞെത്തിയ ബാലരാമപുരം പൊലിസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ ബാലരാമപുരം സ്വദേശി അനീഷ് എന്ന യുവാവാണ് ചികിത്സയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് 25 ഓളം യുവാക്കളെ ബാലരാമപുരം പൊലിസ് കസ്റ്റഡിയിലെടുത്തു. അരുണ്‍ജിത്തിന്റെ മൃതദേഹം ഇന്നലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സുലോചനയാണ് അരുണ്‍ജിത്തിന്റെ മാതാവ്. നെയ്യാറ്റിന്‍കര സി.ഐയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നെയ്യാറ്റിന്‍കര സി.ഐ ആയിരുന്ന അനില്‍കുമാറിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുന്നയ്ക്കാട് വച്ച് വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് മരണപ്പെട്ട അരുണ്‍ജിത്ത്. ഇയാളുടെ പേരില്‍ മാറനല്ലൂര്‍ , കാട്ടാക്കട , നെയ്യാറ്റിന്‍കര സ്റ്റേഷനുകളിലും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും അന്‍പതിലധികം കേസുകളുണ്ടെന്ന് പൊലിസ് അറിയിച്ചു.
ഗുണ്ടാ നിയമപ്രകാരം ജയില്‍വാസം അനുഭവിച്ചിട്ടുള്ള ഇയാള്‍ അടിപിടി, ക്വട്ടേഷന്‍, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."