ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ബോണ്ട് വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഇന്നലെ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സമരസമിതി ഭാരവാഹികള്‍ സമരം പിന്‍വലിക്കുന്നതായി രേഖാമൂലം അറിയിച്ചു.
ചര്‍ച്ചയില്‍ ബോണ്ട് പി.ജി കഴിഞ്ഞ് ആറു മാസവും സൂപ്പര്‍ സ്‌പെഷാലിറ്റി കഴിഞ്ഞ് ഒരു വര്‍ഷവും ആക്കി കുറച്ചു. രണ്ടു വര്‍ഷം എന്നതായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഇനി പി.ജി കഴിഞ്ഞ് ഉടന്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ചെയ്താല്‍ ഒരു വര്‍ഷം മാത്രം ബോണ്ട് നല്‍കിയാല്‍ മതി.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ സമരസമിതി ഭാരവാഹികള്‍ ഒത്തുതീര്‍പ്പായെന്നും സമരം പിന്‍വലിക്കുകയാണെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഇന്നലെ രാവിലെ സ്ഥിതി മാറി മറിഞ്ഞു. സമരം പിന്‍വലിച്ചെന്ന് അറിയിച്ച ഭാരവാഹികളെ ചുമതലയില്‍നിന്ന് നീക്കിയ സമരസമിതി സമരം തുടരുമെന്ന് പ്രഖ്യാപിച്ചു.
ഭാരവാഹികളായിരുന്ന ഡോ.രാഹുല്‍, ഡോ. മിഥുന്‍ മോഹന്‍, പി.ജി അസോസിയേഷന്‍ പ്രസിഡന്റ് മുനീര്‍, സെക്രട്ടറി രോഹിത് കൃഷ്ണ എന്നിവരെയാണ് പുറത്താക്കിയത്. പിന്നീടാണ് ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. കഴിഞ്ഞ ദിവസം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു യോഗം. പുറത്താക്കിയ ഭാരവാഹികളെയും ഉള്‍പ്പെടുത്തിയാണ് സമരസമിതി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തത്.
ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒ.പികളുടേയും വാര്‍ഡുകളുടേയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. മെഡിക്കല്‍ കോളജുകളിലേക്ക് രോഗികളെ റഫര്‍ ചെയ്യുന്നത് കുറയ്ക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ആശുപത്രികളില്‍ ഒരു ഡോക്ടറെ കാണാന്‍ രോഗികള്‍ക്ക് മണിക്കൂറുകള്‍ കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍പോലും മാറ്റിവയ്‌ക്കേണ്ടി വന്നു.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക, ബോണ്ട് കാലാവധി കുറയ്ക്കുക, പ്രൊമോഷന്‍ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നായിച്ചായിരുന്നു സമരം. സമരത്തിനെതിരേ ആരോഗ്യമന്ത്രി രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞ മന്ത്രി സ്ഥാപിത താല്‍പര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമരമെന്നും ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
തീരുമാനപ്രകാരം സൂപ്പര്‍ സ്‌പെഷാലിറ്റി ബോണ്ട് കാലാവധി മൂന്നു വര്‍ഷം എന്നുള്ളത് ഒരു വര്‍ഷമാക്കി കുറയ്ക്കും. സൂപ്പര്‍ സ്‌പെഷാലിറ്റി കോഴ്‌സ് കഴിഞ്ഞ് ബോണ്ട് ചെയ്യുന്നവരുടെ തസ്തിക സീനിയര്‍ റെസിഡന്റ് എന്നത് മാറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ (പ്രൊവിഷനല്‍) എന്നാക്കും.
സൂപ്പര്‍ സ്‌പെഷാലിറ്റി ആവശ്യമായ ഡോക്ടര്‍മാരുടെയും ലഭ്യമായ ഡോക്ടര്‍മാരുടെയും എണ്ണം കണക്കാക്കി പരിശോധിച്ച് ആവശ്യമെങ്കില്‍ നേരത്തെ ബോണ്ട് പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കും. എം.ഡി.എം.എസ് കഴിഞ്ഞാല്‍ നിര്‍ബന്ധിത ബോണ്ട് ആറുമാസമാക്കും. എം.ഡി.എം.എസ് കഴിഞ്ഞാല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി നേരിട്ട് അഡ്മിഷന്‍ കിട്ടിയാല്‍ ബോണ്ട് കാലാവധി ഒരു വര്‍ഷം മാത്രമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."