'സംവേദനം' പദ്ധതിയുമായി കംപാഷനേറ്റ് കോഴിക്കോട്
കോഴിക്കോട്: സാന്ത്വന പരിചരണത്തിന്റെ 25-ാം വാര്‍ഷിക വേളയില്‍ കംപാഷനേറ്റ് കോഴിക്കോട്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനുമായി സഹകരിച്ച് ജില്ലയില്‍ 'സംവേദനം' പദ്ധതി നടപ്പാക്കുന്നു. പാലിയേറ്റീവ് പ്രവര്‍ത്തകരില്‍ മാത്രമൊതുങ്ങി നില്‍ക്കുന്ന സാന്ത്വന പരിചരണം പൊതുസമൂഹത്തിലേക്ക് കൂടി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഓരോരുത്തരുടെയും ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, അയല്‍ക്കാര്‍ തുടങ്ങിയവര്‍ ഗുരുതരരോഗം ബാധിച്ചു കിടപ്പിലാകുമ്പോള്‍ അവരോട് എങ്ങനെ പെരുമാറണം, അവരെ എങ്ങനെയൊക്കെ ആശ്വസിപ്പിക്കാം, എന്തൊക്ക ഉപദേശങ്ങള്‍ നല്‍കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അവബോധം പരിശീലനത്തിലൂടെ സൃഷ്ടിക്കുകയാണ് ഇതിന്റെ ആദ്യപടി. അല്ലാത്തപക്ഷം അത്തരം സന്ദര്‍ശനങ്ങള്‍ രോഗികള്‍ക്ക് പലപ്പോഴും ഉപദ്രവമായി മാറുന്ന അവസ്ഥയാണുണ്ടാവുക. നമ്മുടെ സന്ദര്‍ശനം രോഗികള്‍ക്ക് കരുണാര്‍ദ്രമായ സാന്നിധ്യമായി മാറ്റിയെടുക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ കഴിവുള്ള ഒരുസംഘത്തെ വാര്‍ത്തെടുക്കാനാണ് 'സംവേദനം' പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ കംപാഷനേറ്റ് കോഴിക്കോട് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഒരു വര്‍ഷത്തിനകം ജില്ലയിലെ ജനസംഖ്യയുടെ രണ്ടു ശതമാനം പേര്‍ക്കെങ്കിലും സാന്ത്വന പരിചരണത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പരിശീലനം നല്‍കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഗുരുതരമായ മാറാരോഗം വന്നു കിടപ്പിലായ ഒരാളോട് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ, ശയ്യാവ്രണങ്ങള്‍ വരാതെ എങ്ങനെ സംരക്ഷിക്കാം എന്നതിനെ പറ്റി കുടുംബാംഗങ്ങള്‍ക്ക് നല്‍കേണ്ട നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മൂന്നു മണിക്കൂര്‍ നേരത്തെ പരിശീലന പദ്ധതി ഇതിനായി കംപാഷനേറ്റ് കോഴിക്കോട് തയാറാക്കിയിട്ടുണ്ട്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന പരിശീലക ശില്‍പശാലയില്‍ അഞ്ചു മണിക്കൂറും തുടര്‍ന്നുള്ള ഒന്‍പത് മാസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനും അവലോകന യോഗങ്ങള്‍ക്കുമായി 30 മണിക്കൂറും ചെലവഴിക്കാന്‍ സന്നദ്ധതയുണ്ടാകണം.
പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള സാമൂഹ്യ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ 9847736000 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."