സ്വപ്നങ്ങള്‍ നെയ്‌തെടുത്ത് രോഹന്‍ ഇനി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക്
കോഴിക്കോട്: കുട്ടിക്കാലത്തെ സ്വപ്നങ്ങള്‍ നെയ്‌തെടുത്ത് രോഹന്‍ എന്ന പത്തൊന്‍പതുകാരന്‍ ഇനി ഇതിഹാസ താരങ്ങളായ യുവരാജിനെയും സേവാഗിനെയും പോലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തട്ടകത്തിലേക്ക്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും കൊയിലാണ്ടി മൂടാടി സ്വദേശിയുമായ രോഹന്‍ എസ്. കുന്നുമ്മലാണ് ഇംഗ്ലണ്ടിനെതിരേയുള്ള അണ്ടര്‍-19 ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. അഞ്ചു മത്സരങ്ങളുള്ള പരമ്പരയുടെ ടീമിനെ കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണില്‍ കേരളത്തിനായി നടത്തിയ മികച്ച പ്രകടനം രോഹന് ടീമിലെത്താന്‍ സഹായകരമായി.
പത്താം വയസ് മുതല്‍ ക്രിക്കറ്റ് ബാറ്റുമേന്തി കോഴിക്കോട്ടെ ക്രിക്കറ്റ് അക്കാദമിയായ സസക്‌സിലേക്കെത്തിയത് മുതല്‍ സന്തോഷ് മാഷിന്റെ കൈ പിടിച്ചാണ് രോഹന്‍ സ്വപ്നത്തിന്റെ ആദ്യ പടി ചവിട്ടിക്കയറിയത്. ടി.വി മിനിസ്‌ക്രീനില്‍ ഇഷ്ടതാരം സച്ചിന്‍ ഗാലറിയിലേക്ക് ബോള്‍ പായിക്കുമ്പോള്‍ ഗാലറിയിലെ കാണികളോടൊപ്പം കുഞ്ഞ് രോഹനും തുള്ളിച്ചാടുന്നത് പതിവായിരുന്നുവെന്ന് അച്ഛന്‍ സുശീല്‍ പറയുന്നു. പത്രത്തില്‍ നിന്ന് ഇന്ത്യന്‍ ജയ്‌സിയും ബാറ്റും സച്ഛിന്റെ ഫോട്ടോയും വെട്ടിയെടുത്ത് പുസ്തകത്തില്‍ ഒട്ടിച്ചുവച്ചാണ് ഓരോ ദിനവും കുഞ്ഞു രോഹന്‍ തന്റെ സ്വപ്നങ്ങള്‍ നെയ്‌തെടുത്തത്. പതിയെ അച്ഛന്‍ സുശീലിന്റെ ബോളിങ്ങില്‍ ബാറ്റ് പിടിച്ച് വീട്ടുമുറ്റത്തേക്കിറങ്ങി. പിന്നെ നാട്ടിന്‍പുറത്തെ പാടത്ത് കൂട്ടുകാര്‍ക്കൊപ്പം ഓലമടലും പന്തും പരിചയിച്ചു.
അന്ന് മുതല്‍ 1980ല്‍ കേരള കാര്‍ഷിക സര്‍വകലാ ശാലാ ക്രിക്കറ്റ് ടീം അംഗമായിരുന്ന സുശീല്‍ മകനിലൂടെ ഒരു ഓപണിങ് ബാറ്റ്‌സ്മാനെ രാജ്യത്തിന് സമര്‍പ്പിക്കണമെന്ന് നിശ്ചയിക്കുകയായിരുന്നു. തുടര്‍ന്നാണ് സുഹൃത്തും സസക്‌സ് ക്രിക്കറ്റ് അക്കാദമിയിലെ കോച്ചുമായ സന്തോഷ് കുമാറിനടുത്തേക്ക് രോഹനെത്തുന്നത്. സായാഹ്നങ്ങളില്‍ അക്കാദമിയിലേക്ക് ക്രിക്കറ്റ് കിറ്റും തോളിലേന്തി പന്തിനെയും ബാറ്റിനെയും സ്‌നേഹിച്ച് രോഹന്‍ എസ്.കുന്നുമ്മല്‍ എന്ന പ്രൊഫഷണല്‍ ക്രിക്കറ്റര്‍ പിറവിയെടുക്കുകയായിരുന്നു. അതിശയിപ്പിക്കുന്ന വലംകൈയന്‍ ബാറ്റിങ്ങിലൂടെ കൂച്ച് ബീഹാര്‍ ട്രോഫിയില്‍ ഡല്‍ഹിയ്‌ക്കെതിരേ ഇരട്ട സെഞ്ച്വറിയോടെ 464 റണ്‍സ്, വിനൂ മങ്കദ് ട്രോഫിക്കായുള്ള ഏകദിന മത്സരത്തില്‍ വിവിധ മാച്ചുകളിലായി 269 റണ്‍സും നേടി.
ചലഞ്ചര്‍ സീരിസിലേക്കുള്ള ടീമിലും കേരളത്തിന്റെ സീനിയര്‍ ടി-20 ടീം, 13 വയസില്‍ കാലിക്കറ്റ് അണ്ടര്‍-14, അണ്ടര്‍-16, അണ്ടര്‍-19 വണ്‍ഡേ ടീം എന്നിവയിലും കളിച്ചു. ശ്രീകുമാര്‍ നായര്‍, റൈഫി വിന്‍സെന്റ് ഗോമസ്, എം. സുരേഷ് കുമാര്‍, രോഹന്‍ പ്രേം, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങളോടൊപ്പം ആറാമനായാണ് കേരളത്തെ പ്രതിനിധീകരിച്ച് രോഹന്‍ എത്തുന്നത്.
മൂടാടിയിലെ ശാന്തി നിവാസില്‍ അമ്മ കൃഷ്ണയും അനിയത്തി ജിതയും മുത്തച്ഛന്‍ ഗോവിന്ദനും രോഹന്റെ ക്രിക്കറ്റ് ജീവിത സ്വപ്നങ്ങള്‍ കൂട്ടായുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."