'ഗദ്ദിക' നാടന്‍ കലാമേളയ്ക്ക് വളയത്ത് തുടക്കം
നാദാപുരം: നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പുകളുടെയും കിര്‍ടാഡ്‌സിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള 'ഗദ്ദിക' നാടന്‍കലാമേളയും ഉല്‍പന്ന പ്രദര്‍ശന വിപണനമേളയും വളയത്ത് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി സംസ്‌കാരവും അത്യുന്നതമായ അവരുടെ ജീവിതരീതിയും പൊതുസമൂഹത്തെ പരിചയപ്പെടുത്താന്‍ 'ഗദ്ദിക'യിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ആദിവാസികളുടെ അവകാശവും അധികാരവും കവര്‍ന്നെടുത്ത് അവരെ പാപ്പരാക്കുകയാണ് പൊതുസമൂഹം ചെയ്തത്. അവരില്‍ നിന്ന് കവര്‍ന്നെടുത്ത ഭൂമിയുള്‍പ്പെടെ എല്ലാം തിരിച്ചുനല്‍കാനുള്ള ബാധ്യത പൊതുസമൂഹത്തിനുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ പിന്നോക്ക സമുദായക്ഷേമ മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി. ഗ്രാമങ്ങളില്‍ സജീവമായിരുന്ന കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാളുകളുടെ ഉദ്ഘാടനം തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സിനിമാ നടി മഞ്ജുവാര്യര്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
എം.എല്‍.എമാരായ ഇ.കെ വിജയന്‍, സി.കെ നാണു, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുമതി, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി സംസാരിച്ചു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.എം അസ്ഗര്‍ അലി പാഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ നിര്യാണത്തില്‍ അനുശോചിച്ച ശേഷമാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. സാംസ്‌കാരിക ഘോഷയാത്രയും നടന്നു. ഉല്‍പന്ന പ്രദര്‍ശന വിപണനമേള എല്ലാ ദിവസവും രാവിലെ 10 മുതല്‍ നടക്കും. പ്രവേശനം സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."