അസമില്‍ നിയമാനുസൃതം ജീവിക്കുന്നവര്‍ 1.9 കോടി
ഗുവാഹത്തി: അസമിലെ 3.29 കോടി ജനങ്ങളില്‍ നിയമാനുസൃതം താമസിക്കുന്നത് 1.9 കോടി ജനങ്ങളെന്ന് സംസ്ഥാന സര്‍ക്കാര്‍. പൗരത്വം അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ ഞായറാഴ്ച പുറത്തിറക്കിയ കരട് പട്ടികയിലാണ് 1.9 കോടി ജനങ്ങളാണ് നിയമാനുസൃതം താമസിക്കുന്നതെന്ന് ദേശീയ പൗരത്വ രജിസ്ട്രാര്‍ ശൈലേഷ് അറിയിച്ചത്.
പുറത്തിറക്കിയ പട്ടിക കരടാണെന്നും ഇതില്‍ 1.9 കോടി ജനങ്ങളാണ് നിയമാനുസൃതമായി സംസ്ഥാനത്ത് ജീവിക്കുന്നതെന്നും രജിസ്ട്രാര്‍ അറിയിച്ചു. വിവിധതരത്തിലുള്ള പരിശോധനകള്‍ക്കു ശേഷമാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശേഷിക്കുന്നവരുടെ വിവരങ്ങള്‍ സംബന്ധിച്ച് വിവിധ തലങ്ങളിലായി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് ഉടന്‍ പൂര്‍ത്തിയാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കരട് പട്ടിക കൂടി പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. മൊത്തം 3.29 കോടി അപേക്ഷകളാണ് സര്‍ക്കാരിന് മുന്‍പില്‍ എത്തിയിരുന്നത്.
അതേസമയം കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പൗരത്വം ഇല്ലാതാകുമോയെന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ദേശീയ പൗരത്വ രജിസ്റ്ററിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പ്രതീക് ഹജേല പറഞ്ഞു.
സുപ്രിം കോടതിയുടെ മാര്‍ഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൗരത്വം സംബന്ധിച്ച് തീര്‍പ്പുകല്‍പ്പിക്കുന്നത്. ഇക്കാര്യത്തില്‍ അടുത്ത ഏപ്രിലില്‍ വീണ്ടും യോഗം ചേരും. എന്നാല്‍ 2018ഓടെ ഇക്കാര്യത്തില്‍ അന്തിമ രൂപരേഖയാക്കാനാണ് തീരുമാനം. അസമില്‍ പൗരന്മാരുടെ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടി 2005ലാണ് തുടങ്ങിയത്. 68.27 ലക്ഷം കുടുംബങ്ങളില്‍ നിന്നായി 6.5 കോടി അപേക്ഷകളാണ് ലഭിച്ചത്. രണ്ടുകോടിയിലേറെ പൗരന്മാരുടെ രേഖകള്‍ പരിശോധിച്ചതില്‍ 38 ലക്ഷത്തോളം അപേക്ഷകള്‍ സംശയാസ്പദ ഗണത്തിലുള്‍പ്പെട്ടിട്ടുണ്ട്.
പൗരത്വ രജിസ്റ്റര്‍ സേവാ കേന്ദ്രം വഴി ഇന്നലെ മുതല്‍ കരട് പട്ടികയില്‍ തങ്ങളുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനായി സംസ്ഥാന വ്യാപകമായി ഏര്‍പ്പെടുത്തിയിട്ടുള്ള സേവാ കേന്ദ്രങ്ങളില്‍ കരട് പരിശോധിക്കാം. വിവരങ്ങള്‍ ഓണ്‍ലൈന്‍, എസ്.എം.എസ് വഴി ബന്ധപ്പെട്ടവരെ അറിയിക്കാവുന്നതാണെന്നും രജിസ്ട്രാര്‍ അറിയിച്ചു. സംസ്ഥാനത്ത് നിയമാനുസൃതം ജീവിക്കുന്നവരുടെ പട്ടിക പുറത്തുവിടണമെന്ന ഓള്‍ അസം വിദ്യാര്‍ഥി യൂനിയന്റെ ആവശ്യത്തെ തുടര്‍ന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി തവണ ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തിയത്.
20ാം നൂറ്റാണ്ടിന്റെ പ്രാരംഭ ഘട്ടത്തില്‍ ബംഗ്ലാദേശില്‍ നിന്ന് വലിയതോതില്‍ ഇന്ത്യയിലേക്ക് കുടിയേറ്റമുണ്ടായെന്നാണ് വിലയിരുത്തുന്നത്.
ജനങ്ങള്‍ ആശങ്കയില്‍
ഗുവാഹത്തി: കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ നടത്തിയ ദേശീയ പൗരത്വ രജിസ്ട്രാറുടെ പ്രഖ്യാപനം അസമില്‍ വലിയ ആശങ്കക്കാണ് ഇടയാക്കിയിട്ടുള്ളത്. 1.9 കോടി ജനങ്ങള്‍ മാത്രമാണ് നിയമാനുസൃതം ജീവിക്കുന്നതെന്ന കരട് പട്ടികയിലെ വെളിപ്പെടുത്തല്‍ വര്‍ഷങ്ങളായി അസമില്‍ ജീവിക്കുന്നവരുടെ ഭാവിയെയാണ് സാരമായി ബാധിക്കുന്നത്.
ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് പറയുമ്പോഴും ഇക്കാര്യത്തില്‍ പൗരത്വ രജിസ്ട്രാറുടെ നിലപാട് ജനങ്ങളെ സംശയാസ്പദമായ സാഹചര്യത്തിലേക്കാണ് എത്തിച്ചിട്ടുള്ളത്.
അതിനിടയില്‍ പ്രസിദ്ധീകരിച്ച കരട് പട്ടികക്കെതിരേ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ബംഗ്ലാദേശില്‍ നിന്ന് അസമിലേക്ക് വലിയ തോതില്‍ കുടിയേറ്റമുണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് ദേശീയ പൗരത്വ രജിസ്ട്രാര്‍. ബംഗ്ലാദേശില്‍ നിന്ന് അസമിലേക്ക് കടന്നുവരാന്‍ എളുപ്പത്തില്‍ കഴിയുന്നുവെന്നതാണ് അനധികൃത കുടിയേറ്റത്തിന് കാരണം. നല്ല ജീവിതവും നല്ല തൊഴിലും ലഭിക്കുമെന്ന് തിരിച്ചറിഞ്ഞാണ് കുടിയേറ്റം ശക്തമായത്. എന്നാല്‍ തദ്ദേശീയര്‍ക്ക് തൊഴിലവസരങ്ങള്‍ ഇല്ലാതായതോടെയാണ് കുടിയേറ്റം സംബന്ധിച്ച് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
1971 ന് മുന്‍പ് അസമില്‍ കുടിയേറിയവരെയെല്ലാം പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനു ശേഷം വന്നവര്‍ ഇവിടെ താമസിക്കുന്നതിന് ലഭിച്ചിട്ടുള്ള രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്. അനധികൃത കുടിയേറ്റക്കാരെ ഇവിടെ നിന്ന് അകറ്റിയാല്‍ അസം അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തൊഴിലവസരങ്ങള്‍ കൂടുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
അതേസമയം ഇവിടെ താമസിക്കാനുള്ള അനുമതി ഇല്ലാതാകുന്നതോടെ ജനങ്ങള്‍ എന്തുചെയ്യുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ നിലപാടുണ്ടായിട്ടില്ല. ഇത് അവകാശ തര്‍ക്കത്തിനും സംഘര്‍ഷത്തിനും ഇടയാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."