2018 തെരഞ്ഞെടുപ്പ് വര്‍ഷം; കോണ്‍ഗ്രസിനും ബി.ജെ.പിക്കും നിര്‍ണായകം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും നിര്‍ണായകമാണ് ഈ വര്‍ഷം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്‍പ്പെടെയാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നത്.
നാഗാലാന്‍ഡ്. ത്രിപുര, മേഘാലയ, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യപകുതിയിലാണ് ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്. തുടര്‍ന്ന് ബി.ജെ.പി ഭരിക്കുന്ന ഛത്തിസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും മിസോറമും തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.
അതേസമയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജിച്ചത്, ബി.ജെ.പി നേതൃത്വത്തിന്റെ അമിത പ്രതീക്ഷക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. നിലവില്‍ 19 സംസ്ഥാനങ്ങളാണ് ബി.ജെ.പി ഭരിക്കുന്നത്. ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണം നിലനിര്‍ത്താനാകുമോയെന്നത് അവരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
ഗുജറാത്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ടത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അടുത്ത് നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ സുഗമമായിരിക്കില്ലെന്നാണ് സൂചിപ്പിക്കുന്നത്. അതേസമയം രാഹുലിന്റെ സ്ഥാനാരോഹണത്തിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ അദ്ദേഹത്തിനും അഗ്നിപരീക്ഷണമാണ്.
മെയ് മാസത്തോടെ നിലവിലെ കര്‍ണാടക മന്ത്രിസഭയുടെ കാലാവധി അവസാനിക്കും. ഇതിന് മുന്‍പ് ഏപ്രില്‍ മാസത്തോടെ ഇവിടെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 225 അംഗ നിയമസഭയില്‍ 123 സീറ്റുകളാണ് കോണ്‍ഗ്രിനുള്ളത്. ബി.ജെ.പി-44 , ജെ.ഡി.എസ്-32 എന്നിങ്ങനെയാണ് അംഗബലം.
മധ്യപ്രദേശിലെ 230 അംഗ നിയമസഭയില്‍ 165 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. ഇവിടെ കോണ്‍ഗ്രസിന് 57 സീറ്റുകള്‍ മാത്രമാണുള്ളത്. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ ബി.ജെ.പി 163 സീറ്റുകളും കോണ്‍ഗ്രസിന് 21 സീറ്റുകളുമാണുള്ളത്. ഛത്തിസ്ഗഡില്‍ 90 അംഗ സഭയില്‍ 50 സീറ്റുകള്‍ ബി.ജെ.പിക്കും 39 സീറ്റുകള്‍ കോണ്‍ഗ്രസിനുമുണ്ട്.
60 അംഗ നാഗാലാന്‍ഡ് സഭയില്‍ പ്രാദേശിക പാര്‍ട്ടിയായ എന്‍.പി.എഫ് 37 സീറ്റുകളാണ് നേടിയിട്ടുള്ളത്. ഇവിടെ ബി.ജെ.പിക്ക് രണ്ട് സീറ്റുകളും കോണ്‍ഗ്രസിന് എട്ടു സീറ്റുകളുമാണുള്ളത്. മേഘാലയയിലെ 60 സീറ്റുകളില്‍ 29 സീറ്റുകളാണ് നേടിയിരുന്നത്. ഇവിടെ ഭരണം പിടിക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. ത്രിപുരയിലെ 60 സീറ്റുകളില്‍ 49 സീറ്റുകളും നേടി ഇടതുമുന്നണിയാണ് ഭരിക്കുന്നത്. മിസോറമിലാകട്ടെ 40 അംഗ സഭയില്‍ 34 സീറ്റുകളും നേടിയത് കോണ്‍ഗ്രസാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."