പുടിനെതിരേ മത്സരിക്കുമെന്ന് മുസ്ലിം വനിതാ നേതാവ്
മോസ്കോ: റഷ്യയിലെ പ്രമുഖ മുസ്ലിം മാധ്യമ സ്ഥാപനത്തിനു നേതൃത്വം നല്കുന്ന വനിതാ നേതാവ് റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്ളാദ്മിര്‍ പുടിനെ നേരിടാനൊരുങ്ങുന്നു.
ടെലിവിഷന്‍ ചാനല്‍, റേഡിയോ, ആനുകാലികങ്ങള്‍ അടങ്ങിയ മാധ്യമസ്ഥാപനമായ ഇസ്ലാം.ആര്‍യുവിന്റെ മേധാവിയായ ഐന ഗംസതോവയാണ് മാര്‍ച്ചില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഫേസ്ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പ്രഖ്യാപനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് നൂറുകണക്കിന് അനുയായികള്‍ റഷ്യയിലെ ദാഗിസ്താനിലുള്ള ഐനയുടെ വസതിക്കു മുന്പില് തടിച്ചുകൂടിയിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന പ്രവിശ്യയായ ദാഗിസ്താനില്‍ മുഫ്തിയാണ് ഐനയുടെ ഭര്‍ത്താവായ അഹ്മദ് അബ്ദുലേവ്.
റഷ്യയില്‍ പതിനായിരക്കണക്കിന് അനുയായികളുള്ള ഒരു സൂഫി സരണിയുമായി ചേര്‍ന്നാണ് ഐന ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 2012ല്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈദ് അഫന്ദി ചിര്കവിയായിരുന്നു അവരുടെ ഗുരു. ഐനയുടെ മുന്‍ ഭര്‍ത്താവ് സൈദ് മുഹമ്മദ് അബൂബകറോവ് 1998ല്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കുറ്റവാളികളെ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും സംഭവത്തിനു പിന്നില്‍ വഹാബി ഭീകരരാണെന്നാണു സംശയിക്കുന്നത്. അബൂബകറോവ് കൊല്ലപ്പെടുന്നതിനു മുന്‍പ് വഹാബി പ്രസ്ഥാനത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രസംഗിച്ചിരുന്നു.
ഐനയുടെ പ്രഖ്യാപനത്തെ റഷ്യയിലെ മുസ്ലിം സമൂഹം സന്തോഷത്തോടെയാണു വരവേറ്റത്. 140 മില്യന്‍ ജനസംഖ്യയുള്ള റഷ്യയില്‍ 20 മില്യനാണ് മുസ്ലിം ജനസംഖ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."