തുടര്‍ച്ചയായി 11-ാം തവണയും കോഴിക്കോടിന് കിരീടം
കണ്ണൂര്‍: ഏഴു രാപ്പകലുകള്‍ നീണ്ട കലാപോരാട്ടത്തിനൊടുവില്‍ കൗമാര കിരീടം വീണ്ടും സാമൂതിരിയുടെ നാട്ടിലേക്ക്. 57ാം കേരള സ്‌കൂള്‍ കലോത്സവത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പാലക്കാടിനെ മൂന്നു പോയിന്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായി പതിനൊന്നാം തവണയും കോഴിക്കോട് സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്.
939 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്. ഇതോടെ 18 വര്‍ഷം സ്വര്‍ണക്കപ്പ് കോഴിക്കോടന്‍ തീരത്തെത്തി. അവസാനദിനംവരെ ഇഞ്ചോടിഞ്ച് പോരാടിയ കഴിഞ്ഞവര്‍ഷത്തെ രണ്ടാംസ്ഥാനക്കാരായ പാലക്കാട് 936 പോയിന്റുമായി രണ്ടാംസ്ഥാനത്തെത്തി. 933 പോയിന്റുമായി ആതിഥേയരായ കണ്ണൂരിനാണ് മൂന്നാംസ്ഥാനം. വൈകീട്ട് 4.30ന് മത്സരം അവസാനിച്ചെങ്കിലും ഹയര്‍ അപ്പീലില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് വൈകിയതിനാല്‍ ചാംപ്യന്‍മാരെ പ്രഖ്യാപിക്കുന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ടായി. രാത്രി ഏഴിനാണ് ഫലം പ്രഖ്യാപിച്ചത്.
അറബിക് കലോത്സവത്തില്‍ 95 പോയിന്റുകള്‍ വീതംനേടി തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം ജില്ലകള്‍ ഒന്നാംസ്ഥാനം പങ്കിട്ടു. 91 പോയിന്റുകളുമായി പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകള്‍ രണ്ടാംസ്ഥാനത്തെത്തി. സംസ്‌കൃതോത്സവത്തില്‍ 95 പോയിന്റുകള്‍ നേടി മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകള്‍ക്കാണ് ആദ്യസ്ഥാനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 133 പോയിന്റ് നേടി പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസിനാണ് ഒന്നാംസ്ഥാനം. 83 പോയിന്റ് നേടിയ ഇടുക്കി കുമാരമംഗലം എം.കെ.എന്‍.എം.എച്ച്.എസിനാണ് രണ്ടാംസ്ഥാനം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 131 പോയിന്റ് സ്വന്തമാക്കിയ കുമാരമംഗലം എം.കെ.എന്‍.എം.എച്ച്.എസ് ഒന്നാമതെത്തിയപ്പോള്‍ 123 പോയിന്റുമായി ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് രണ്ടാമതെത്തി.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സ്വര്‍ണക്കപ്പ് സമ്മാനിച്ചു.
കലോത്സവത്തില്‍ കോഴിക്കോട് ജേതാക്കളായതിനെ തുടര്‍ന്ന് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്‌കൂളുകള്‍ക്കാണ് അവധി. കേന്ദ്ര സിലബസിലുള്ള സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."