പയ്യോളിയില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കുനേരെ ആക്രമണം: സി.പി.എം-ബി.ജെ.പി സംഘര്‍ഷം
പയ്യോളി: പയ്യോളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസ് തീവച്ചതിനെത്തുടര്‍ന്ന് പരക്കേ ആക്രമണം. ബി.ജെ.പി മൂരാട് ഓയില്‍മില്‍ ഓഫിസിനും ബസ് സ്റ്റോപ്പിനും നേരേയും ആക്രമണമുണ്ടായി.
സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പയ്യോളി മുനിസിപ്പാലിറ്റിയിലും മൂടാടി, തിക്കോടി, തുറയൂര്‍ പഞ്ചായത്തുകളിലും ഇന്നു ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലത്തിലും ഹര്‍ത്താലിന് ആഹ്വാനം നല്‍കി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
പയ്യോളി ബീച്ച് റോഡില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം ഓഫിസിന്റെ പിന്‍ഭാഗത്തെ മുറിയില്‍ പെട്രോള്‍ പോലുള്ള ദ്രാവകം ഒഴിച്ച് തീവയ്ക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചേ മൂന്നിനായിരുന്നു സംഭവം. ടൗണിലെ ഓട്ടോ ഡ്രൈവര്‍മാരാണ് ഓഫിസില്‍ നിന്നു പുകയുയരുന്നതു കണ്ടത്. പൊലിസ് സ്ഥലത്തെത്തി.
വടകരയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണു തീയണച്ചത്. ഓഫിസിലുണ്ടായിരുന്ന കസേരകള്‍, ടേബിള്‍, ഫാന്‍ എന്നിവ കത്തിനശിച്ചു. ഇതു മൂന്നാം തവണയാണ് സി.പി.എം ഓഫിസിനു നേരെ ആക്രമണമുണ്ടാകുന്നത്. പതാകയും ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഇരിങ്ങല്‍ മങ്ങൂല്‍പാറയില്‍ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധപ്രകടനത്തിനു ശേഷമാണ് ബി.ജെ.പി നിര്‍മിച്ച മങ്ങൂല്‍പാറ ബസ് സ്റ്റോപ്പ് ആക്രമിക്കപ്പെട്ടത്. ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരായ മലോല്‍ കുഞ്ഞിക്കണാരന്‍(69), കളരിയുള്ളതില്‍ രാജേഷ് (25), മങ്ങൂല്‍ രാജേഷ് (30) എന്നിവര്‍ക്ക് മര്‍ദനമേറ്റു. ഇവരെ വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബി.ജെ.പി പ്രവര്‍ത്തകനായ കളരിയില്‍ മീത്തല്‍ ശ്രീധരന്റെ വീടിനു നേരെയും ആക്രമണമുണ്ടായി.
ശനിയാഴ്ച രാത്രിയാണ് ഓയില്‍ മില്ലിനു സമീപമുള്ള ബി.ജെ.പി ഓഫിസ് ആക്രമിക്കപ്പെട്ടത്. ഓഫിസിലുണ്ടായിരുന്ന കസേരകളും ഫര്‍ണിച്ചറുകളും പുറത്തേക്കെറിഞ്ഞ് തകര്‍ത്തിട്ടുമുണ്ട്. ഇവിടെയുള്ള സി.പി.എം സ്തൂപവും കൊടിമരവും നശിപ്പിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ട് മൂരാട് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനു ശേഷം സി.പി.എം ഓഫിസിനു നേരേ കല്ലേറ് നടന്നു. ഇവിടെ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. കെ. ദാസന്‍ എം.എല്‍.എ, എളമരം കരീം, കെ.കെ ലതിക, പി. വിശ്വന്‍ മാസ്റ്റര്‍ സ്ഥലം സന്ദര്‍ശിച്ചു. സി.പി.എം പ്രവര്‍ത്തകര്‍ പയ്യോളിയില്‍ പ്രകടനം നടത്തി.
ടി. ചന്തു മാസ്റ്റര്‍, സി. സുരേഷ് ബാബു, എം.പി ഷിബു, പി.വി രാമചന്ദ്രന്‍, പി.എം വേണുഗോപാലന്‍, എം.വി രാമകൃഷ്ണന്‍, കെ.ടി ലിഗേഷ്, വി.ടി ഉഷ നേതൃത്വം നല്‍കി.
സി.പി.എം ഓഫിസ് കത്തിച്ചതിനും ബി.ജെ.പി ഓഫിസും ബസ് സ്റ്റോപ്പും ആക്രമിച്ചതിനും പൊലിസ് മൂന്നു കേസുകളെടുത്തു.
അതേസമയം ബി.ജെ.പി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ മൂരാട് സി.പി.എം ഓഫിസ് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി. സി.പി.എം ഓഫിസിലെ ബോര്‍ഡും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തിട്ടുണ്ട്. മൂരാട് ബി.ജെ.പി ഓഫിസ് തകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ. ഫല്‍ഗുണന്‍, ജന്മഭൂമി ഏജന്റ് മണി എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ബി.ജെ.പി മുനിസിപ്പല്‍ സെക്രട്ടറി കെ. ശ്രീധരന്‍, മുഴച്ചേരി രാമചന്ദ്രന്‍ എന്നിവരെ മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."