നെയ്യാറ്റിന്‍കര ടൗണ്‍ മാര്‍ക്കറ്റിലെ മാലിന്യ സംസ്‌കരണം നിലച്ചു: അധികൃതര്‍ മൗനത്തില്‍
നെയ്യാറ്റിന്‍കര: നഗരസഭയുടെ കീഴിലുള്ള ടൗണ്‍ മാര്‍ക്കറ്റിലെ അറവുമാലിന്യങ്ങള്‍ സംസ്‌കരിക്കാത്തതും മിനി സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കാത്തതും പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു.
മാര്‍ക്കറ്റിനുള്ളിലെ മാലിന്യങ്ങള്‍ ഒഴുക്കിവിടുന്ന ചാല് അടഞ്ഞു പോയതിനാല്‍ മാലിന്യങ്ങള്‍ മാര്‍ക്കറ്റ് പരിസരമാകെ പരന്ന് ഒഴുകുന്ന കാഴ്ച നിത്യസംഭവമാണ്. അസഹ്യമായ ദുര്‍ഗന്ധം കാരണം പരിസരവാസികള്‍ക്ക് ആഹാരം കഴിക്കാന്‍ പോലും കഴിയുന്നില്ല. ഇതിനു പുറമേയാണ് അറവ് മാലിന്യങ്ങള്‍ അലക്ഷ്യമായി അഴുക്ക് ചാലില്‍ നിക്ഷേപിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ വലിച്ചെറിയുന്ന ഖരമാലിന്യങ്ങളും മത്സ്യമാര്‍ക്കറ്റില്‍ നിന്ന് ഒഴുകിയെത്തുന്ന ദ്രവമാലിന്യങ്ങളും കുന്നുകൂടി വ്യാപാരികള്‍ക്കും പരിസരവാസികള്‍ക്കും പകര്‍ച്ചവ്യാധി പിടി പെടുന്നത് നിത്യ സംഭവമാണ്. ലക്ഷങ്ങള്‍ ചിലവഴിച്ച് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റുകളും ജൈവമാലിന്യ സംസ്‌കരണ പ്ലാന്റുകളും നിര്‍മിച്ചെങ്കിലും അധികൃതര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ലെന്നതാണ് യാദാര്‍ഥ്യം.അറവുമാലിന്യങ്ങള്‍ കാക്കകള്‍ കൊത്തി പരിസരത്തുളള കിണറുകളില്‍ കൊണ്ട് ഇടുന്നതിനാല്‍ കിണറുകളിലെ വെള്ളം ഉപയോഗ ശൂന്യമായി മാറിയിരിക്കുകയാണ്. പലപ്പോഴും നാട്ടുകാരുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നാണ് പരാതി. ദിനംപ്രതി രണ്ടായിരത്തിലേറെ ഉപഭോക്താക്കള്‍ വന്നു പോകുന്ന ഈ മാര്‍ക്കറ്റ് നെയ്യാറ്റിന്‍കര ടൗണിലെ പ്രധാനപ്പെട്ട മത്സ്യ മാര്‍ക്കറ്റാണ്. നഗരസഭ കാര്യാലയത്തില്‍ നിന്ന് 800 മീറ്റര്‍ ദൂരത്തിനുളളില്‍ സ്ഥിതി ചെയ്യുന്ന ഈ മാര്‍ക്കറ്റ് അധികൃതരുടെ അവഗണനയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ്. നഗരസഭയുടെ ആരോഗ്യ വിഭാഗം അധികൃതര്‍ ഈ ഭാഗത്തേക്ക് എത്തിനോക്കുക പോലും ചെയ്യാറില്ല എന്ന വ്യാപാരികളുടെ പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന് ഒരു സൂപ്പര്‍വൈസറും, ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും, നാലോളം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഉള്ളപ്പോഴാണ് ടൗണ്‍ മാര്‍ക്കറ്റിനോടുളള ഈ അവഗണന.
മാര്‍ക്കറ്റിനുള്ളിലെ സംസ്‌കരണ പ്ലാന്റ് എത്രയും വേഗം പ്രവര്‍ത്തന യോഗ്യമാക്കുകയും അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുന്ന അറവുമാലിന്യങ്ങള്‍ നീക്കം ചെയ്ത് അനുയോജ്യമായ സ്ഥലത്ത് സംസ്‌കരിക്കുകയും വേണമെന്നാണ് വ്യാപാരികളുടെയും പരിസരവാസികളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."