വരള്‍ച്ചാ പ്രതിരോധ ശേഷിയുള്ള വയനാടന്‍ നെല്‍വിത്തിനങ്ങള്‍: ജൈവബ്രാന്‍ഡിങ് നടത്താന്‍ ആലോചന
കല്‍പ്പറ്റ: വരള്‍ച്ചയെ ചെറുക്കാന്‍ കഴിവുള്ള വയനാടന്‍ നെല്ലിനങ്ങളുടെ കൃഷി വ്യാപിപ്പിച്ച് ഈ നെല്ല് അധികവിലക്ക് സംഭരിച്ച് ജൈവബ്രാന്‍ഡിങ്ങോടെ വില്‍ക്കുന്ന കാര്യം പരിശോധിക്കുമെന്ന് ഹരിതകേരളം മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എം.പി വല്‍സമ്മ അറിയിച്ചു. പി.എം.കെ.എസ് പദ്ധതിയില്‍ ജില്ലയില്‍ നിന്നും സമര്‍പ്പിച്ചിട്ടുള്ള പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചെറുകിട ജലസേചന പദ്ധതികള്‍ ഉപയോഗപ്പെടുത്തി നെല്‍കൃഷിക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കും.
ജൈവോല്‍പ്പന്നങ്ങളുടെ സര്‍ട്ടിഫിക്കേഷന് കൃഷിഭവന്‍ തലത്തില്‍ സൗകര്യങ്ങളൊരുക്കുന്നതോടൊപ്പം സര്‍ക്കാര്‍ തലത്തില്‍ ജൈവ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി തുടങ്ങണമെന്ന ആവശ്യം ഉയര്‍ന്നുവന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൃഷിയിടങ്ങളില്‍ നിന്നും നേരിട്ട് ഫാം ഫ്രഷ് പച്ചക്കറികളുടെ വിപണനം, സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ യൂനിറ്റുകള്‍, ഇക്കോഷോപ്പുകള്‍ തുടങ്ങിയവയിലൂടെ ജൈവ ബ്രാന്‍ഡിങ്ങോടെയുള്ള വിപണനം, ഹോര്‍ട്ടികോര്‍പ്പ് തുടങ്ങിയ ഏജന്‍സികള്‍ വഴിയുള്ള വിപണനം എന്നീ സമീപനങ്ങളാണ് ജൈവോല്‍പന്നങ്ങളുടെ വിപണനത്തിന് മുന്നോട്ടുവയ്ക്കുന്നത്.
ജൈവകൃഷി സംബന്ധിച്ച് വ്യാപകമായ പ്രചാരണം നടത്തുന്നതിന് വാര്‍ഡുതലത്തില്‍ രൂപീകരിച്ച ജൈവകൃഷി സ്വയംസഹായ സംഘങ്ങള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. ഈ സ്വയംസഹായസംഘങ്ങള്‍ നിര്‍മിക്കുന്ന ജൈവകൃഷിക്കുള്ള വിവിധ ഉല്‍പാദനോപാധികള്‍ ഇക്കോ ഷോപ്പുകള്‍, കുടുംബശ്രീ യൂനിറ്റുകള്‍ തുടങ്ങിയവയിലൂടെ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യപരിപാലനം, മണ്ണുസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ പദ്ധതികള്‍ ഏകോപിപ്പിച്ച് കര്‍ഷകര്‍ക്കു വേണ്ട സഹായം ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജൈവകൃഷിയിലേക്കുള്ള പരിവര്‍ത്തനകാലത്തെ കര്‍ഷകന്റെ നഷ്ടം നികത്തുന്നതിന് പഞ്ചായത്തു തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. തൊഴിലുറപ്പ് പദ്ധതികളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കുളങ്ങള്‍ നവീകരിക്കുന്നതിനും നിര്‍മിക്കുന്നതിനും മഴവെള്ള സംഭരണത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കും. കൊന്ന പോലുള്ള പച്ചിലവള വൃക്ഷങ്ങളും നാടന്‍ ഫലവൃക്ഷങ്ങളും ഓഫ് സീസണ്‍ വിപണിയില്‍ മികച്ച സ്വീകാര്യതയുള്ള ലിച്ചി പോലുള്ള ഫലവൃക്ഷത്തൈകളും പൊതുജനപങ്കാളിത്തത്തോടെ കൃഷിയിടങ്ങളില്‍ വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി.എസ് ഉണ്ണികൃഷ്ണന്‍, അസി.പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്‍ മണികണ്ഠന്‍ എന്നിവരാണ് റിപ്പോര്‍ട്ട് സംബന്ധിച്ച് പഠനവും അഭിപ്രായ ക്രോഡീകരണവും നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."