വനിതകള്‍ക്ക് അവഗണന മാത്രം: പ്രതിഷേധത്തിനൊരുങ്ങി മഹിളാ കോണ്‍ഗ്രസ്
തിരുവനന്തപുരം: സംഘടനയില്‍ നിന്നു തുടര്‍ച്ചയായി അവഗണന മാത്രമെന്ന് മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ. തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നുമാത്രമല്ല സംഘടനാസമിതികളില്‍ പോലും അവസരങ്ങള്‍ വനിതകള്‍ക്ക് ലഭിക്കുന്നില്ലെന്നും ബിന്ദു കൃഷ്ണ സുപ്രഭാതത്തോട് പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കേണ്ട സമയമാണിതെന്നും ബിന്ദു കൃഷ്ണ തുറന്നടിച്ചു. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ ഇനി പ്രതികരിക്കാതിരിക്കാന്‍ സാധിക്കില്ല. അടുത്ത മാസം 4, 5 തിയതികളില്‍ നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് നിര്‍വാഹക സമിതിയില്‍ ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് മഹിളാകോണ്‍ഗ്രസെന്നും അവര്‍ പ്രതികരിച്ചു.
ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. പാര്‍ട്ടിയിലും പൊതുസമൂഹത്തിലും ഇത് വലിയ ചര്‍ച്ചയാകണം. ഇടുതുമുന്നണിയില്‍ നിന്ന് രണ്ട് വനിതാ മന്ത്രിമാരാണ് അധികാരമേറ്റത്.
ഏറ്റവും കൂടുതല്‍ വനിതകള്‍ക്ക് സീറ്റ് നല്‍കാനുള്ള മാന്യത അവര്‍ കാണിച്ചു. എട്ടു വനിതകളാണ് വിജയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ലഭിച്ചത് ചുരുക്കം പേര്‍ക്കാണ്. അതും ജയസാധ്യത ഇല്ലാത്ത മണ്ഡലങ്ങളില്‍. കോണ്‍ഗ്രസില്‍ വനികള്‍ക്ക് സീറ്റ് തരാന്‍ മടിക്കുന്നു. സ്ത്രീകള്‍ക്ക് ജയസാധ്യത ഇല്ലെന്ന ന്യായമാണ് ചിലര്‍ നിരത്തുന്നത്. ഇത്തരം ചില വ്യവസ്ഥിതിക്കെതിരേയാണ് മഹിളാകോണ്‍ഗ്രസ് പ്രതിഷേധിക്കുന്നതെന്നും അവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും ബിന്ദുകൃഷ്ണ വ്യക്തമാക്കി. പരാജയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കാര്യമായ ഒരു ചര്‍ച്ചയും നടന്നില്ല.
വെറും ഉപരിപ്ലവമായ ചര്‍ച്ചയാണ് അന്ന് നടന്നത്. താനും ഷാനിമോള്‍ ഉസ്മാനും പറഞ്ഞകാര്യങ്ങള്‍ പോലും കേള്‍ക്കാന്‍ ആരും തയാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. വനിതകളില്ലാത്ത യുഡിഎഫ് എന്നത് ഒരിക്കലും അംഗീകരിക്കാന്‍ തയാറല്ല. കേരളത്തില്‍ കോണ്‍ഗ്രസിലെ വനിതകള്‍ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.
പക്ഷെ അതൊന്നും ഓര്‍മിക്കുവാനോ, ചരിത്രം ആവര്‍ത്തിക്കാനോ ആര്‍ക്കും താല്‍പ്പര്യമില്ല. ക്രിയാത്മക ചര്‍ച്ചകളാണ് ഇപ്പോള്‍ ആവശ്യം. കോണ്‍ഗ്രസില്‍ നിന്ന് വനിതകള്‍ വെട്ടിമാറ്റപ്പെടുകയാണ്. പ്രധാന പദവികള്‍ വഹിക്കുന്ന സ്ത്രീകളെപ്പോലും മാറ്റിനിര്‍ത്തുന്നു.
എല്ലാ സമിതികളിലും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന അവസരം ലഭിക്കണം. അതുവരെ ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകാനാണ് മഹിളാകോണ്‍ഗ്രസിന്റെ തീരുമാനമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."