പള്ളിപ്പെരുന്നാളിനിടെ സംഘര്‍ഷം: അന്വേഷണം ഊര്‍ജിതമാക്കി
പള്ളുരുത്തി: ചെല്ലാനം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ പെരുന്നാളിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ ഒരു സംഘം പൊലിസിനെ അക്രമിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാനായില്ല. സംഭവത്തില്‍ ആറു പേര്‍ക്കെതിരെയാണു പൊലിസ് കേസെടുത്തിട്ടുള്ളത്. ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് ഒരു സംഘം ഗാനമേള അലങ്കോലപ്പെടുത്തുകയും ഇത് തടയാന്‍ ചെന്ന പൊലിസിനെ അക്രമിക്കുകയും ചെയ്തത്.
സംഭവത്തില്‍ സ്റ്റേഷന് എസ്.ഐ.ഉള്‍പ്പെടെ അഞ്ച് പൊലിസുകാര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവ സ്ഥലം ഇന്നലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സന്ദര്‍ശിച്ചു. ഡി.സി.പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ സംബന്ധിച്ച് പൊലിസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുള്ളത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പ്രതികള്‍ക്കെതിരേ ശക്തമായ ജനരോഷവും ഉയര്‍ന്നിട്ടുണ്ട്.
പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പൊലീസുകാര്‍ ഇന്നലെ ആശുപത്രി വിട്ടു. അതേസമയം സംഭവത്തേ തുടര്‍ന്ന് പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ വീട്ടില്‍ പൊലിസ് നടത്തിയ പരാക്രമത്തെ സംബന്ധിച്ചും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."