മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനം പ്രതിസന്ധി നേരിട്ടാല്‍ അവര്‍ക്കൊപ്പം നില്‍ക്കും: മുഖ്യമന്ത്രി
കാക്കനാട്: മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനം പ്രതിസന്ധി നേരിട്ടാല്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗം അനവധി വെല്ലുവിളികള്‍ നേരിട്ടാണ് ഇന്നത്തെ സ്ഥിതിയിലെത്തിയത്.
മുന്‍ഗാമികളായ ധിഷണാശാലികളുടെ പ്രവര്‍ത്തനം മാതൃകയാക്കി പുതിയ മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ മാധ്യമ അവാര്‍ഡ് വിതരണവും വിദ്യാര്‍ഥികള്‍ക്കു സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റ് വ്യക്തിയുടെയോ സമൂഹത്തിന്റെയോ ഭാഗത്താണെങ്കില്‍ അതു തിരുത്തുന്നതിന് പ്രേരകശക്തിയാകണം. ഇപ്പോള്‍ നീതിന്യായ വ്യവസ്ഥയുമായുള്ള പ്രശ്‌നങ്ങള്‍ അതിജീവിക്കാന്‍ കഴിയണം.
കേരളത്തിലെ മാധ്യമമേഖലയുടെ വളര്‍ച്ചയ്ക്കും പരിപോഷണത്തിനുമായി നിലകൊള്ളുന്ന കേരള മീഡിയ അക്കാദമിയുടെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ എല്ലാവിധ സഹായവും സഹകരണങ്ങളും നല്‍കും. തിരുവനന്തപുരത്ത് മാധ്യമ മ്യൂസിയം സ്ഥാപിക്കുന്നതിന് അക്കാദമി സമര്‍പ്പിച്ച പദ്ധതി നിര്‍ദേശം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കും.
യോഗത്തില്‍ കെ.വി തോമസ് എം. പി, പി.ടി തോമസ് എം.എല്‍.എല്‍, മുന്‍ എം.പി പി രാജീവ്, അക്കാദമി മുന്‍ അധ്യാപകനും മുന്‍ എം.പിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, അക്കാദമി മുന്‍ ഡയറക്ടര്‍ വി.പി രാമചന്ദ്രന്‍, മുന്‍ കലക്ടര്‍ കെ. ആര്‍. വിശ്വംഭരന്‍, അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, സെക്രട്ടറി കെ.ജി സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."