മാനസിക സംഘര്‍ഷം കുറച്ചത് സംഗീതത്താല്‍: സുധാകരന്‍
കണ്ണൂര്‍: കണ്ണൂര്‍ സംഗീതസഭയുടെ ആഭിമുഖ്യത്തിലുള്ള ത്യാഗരാജ സംഗീതോത്സവത്തിനു തുടക്കമായി. മുന്‍മന്ത്രി കെ. സുധാകരന്‍ സംഗീതോല്‍സവം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിന്റെ കനല്‍വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ മാനസികസംഘര്‍ഷം കുറച്ചത് സംഗീതമായിരുന്നുവെന്ന് കെ. സുധാകരന്‍. സംഗീതം കേട്ടാണ് പലപ്പോഴും താനുറങ്ങിയത്. സംഗീതം ടെന്‍ഷനകറ്റാനുള്ള ചികിത്സ കൂടിയാണ്. മനുഷ്യമനസിനെ വ്യാകുലതകളില്‍ സാന്ത്വനിപ്പിക്കുന്നതാണ് സംഗീതമെന്നും കണ്ണൂരിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയാന്തരീക്ഷത്തിന് അയവുണ്ടാകാന്‍ ഇത്തരം സാംസ്‌കാരിക പരിപാടികള്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തളാപ്പ് ഐ.എം.എ ഹാളില്‍ വത്സരാജന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.
ബിസിനസ് രംഗത്തെ മികവിനൊപ്പം സാമൂഹ്യസേവനമേഖലയിലെ നിസ്തുലമായ പ്രവര്‍ത്തനങ്ങളും നടത്തി അമേരിക്കയിലെ കിങ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ സംഗീതസഭ രക്ഷാധികാരി എന്‍.കെ സൂരജിനെ ചടങ്ങില്‍ അനുമോദിച്ചു.
സംഗീതസഭ പ്രസിഡന്റ് കെ.പ്രമോദ് അധ്യക്ഷനായി. ഡോ.ഉമ്മര്‍ ഫാറൂഖ് കുടുംബബന്ധങ്ങളെ കുറിച്ച് ക്ലാസെടുത്തു. സംഗീതസഭ ചെയര്‍മാന്‍ കെ.പി ജയപാലന്‍, സെക്രട്ടറി ഒ.എന്‍ രമേശന്‍ എന്നിവര്‍ സംസാരിച്ചു. സമാപനദിനമായ ഇന്ന് വൈകുന്നേരം 6.30ന് ഐ.എം.എ ഹാളില്‍ വി.ആര്‍ ദിലീപ്കുമാറിന്റെ സംഗീതകച്ചേരി നടക്കും. കഥാകൃത്ത് ടി.പത്മനാഭന്‍ സമാപനസമ്മേളനം ഉല്‍ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."