സി.പി.എം ജില്ലാ സമ്മേളനം വേദി കന്റോണ്‍മെന്റ് ഏരിയയില്‍ എന്നത് ആശങ്ക
കണ്ണൂര്‍: സി.പി.എം ജില്ലാ സമ്മേളനം അതീവസുരക്ഷാ മേഖലയായ കന്റോണ്‍മെന്റ് പ്രദേശത്ത് നടക്കുന്നത് സംബന്ധിച്ച് ആശങ്ക. കേന്ദ്ര പ്രതിരോധ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നിര്‍ദിഷ്ട ഇ.കെ നായനാര്‍ അക്കാദമിയില്‍ ഈ മാസം 27 മുതല്‍ 29 വരെ ജില്ലാ സമ്മേളനം നടത്താനാണ് സി.പി.എം ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ വേദിയാകാത്ത സ്ഥലമാണ് ഇവിടം. ഇവിടെ പാര്‍ട്ടി സമ്മേളനം നടക്കുന്നതോടെ എത്തുന്ന അനുഭാവികളെ എങ്ങനെ നിയന്ത്രിക്കണമെന്ന ആശങ്ക ഇപ്പോള്‍ തന്നെ കന്റോണ്‍മെന്റ് അധികൃതര്‍ക്കുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് നായനാര്‍ അക്കാദമിയിലെ ഹാളില്‍ പ്രതിനിധി സമ്മേളനത്തിന് എത്തുന്നതെങ്കിലും സമ്മേളന നഗരിക്കടുത്ത് നിരവധി പ്രവര്‍ത്തകരും മറ്റും തമ്പടിക്കാന്‍ ഇടയുണ്ട്. ഇത് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്തായിരിക്കും. ഇവരെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനാകുന്നില്ലെങ്കില്‍ ഇത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കയാണ് കന്റോണ്‍മെന്റ് അധികൃതര്‍ക്കുള്ളത്.
അതീവ സുരക്ഷാ പ്രദേശത്തോട് ചേര്‍ന്നു നില്‍ക്കുന്ന സ്ഥലത്ത് നായനാര്‍ അക്കാദമി നിര്‍മിക്കാനുള്ള അനുമതി നല്‍കിയപ്പോള്‍ പ്രതിരോധ വകുപ്പും ചില നിര്‍ദേശങ്ങള്‍ വച്ചിരുന്നു. സമ്മേളന വേദിയാകുന്നതോടെ പ്രദേശത്തിന്റെ സുരക്ഷാ പ്രശ്‌നം മുന്നില്‍ കണ്ടുള്ള ഇത്തരം നിര്‍ദേശങ്ങളുടെ ലംഘനമുണ്ടാകാനുള്ള സാധ്യതയുണ്ടോയെന്നും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.
പയ്യാമ്പലത്തെ ഗവ. ഗസ്റ്റ് ഹൗസിന് സമീപത്തുള്ള നിര്‍ദിഷ്ട ഇ.കെ നായനാര്‍ അക്കാദമിയില്‍ സമ്മേളനം നടത്താന്‍ ജില്ലാ കമ്മിറ്റിയാണ് തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള അക്കാദമിയില്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പതാക ഉയര്‍ത്തിയത് പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരുന്നു. അതേസമയം അക്കാദമിയുടെ അവസാന ഘട്ട നിര്‍മാണ പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തിയായിട്ടുമില്ല.
സമ്മേളനം വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങളാണ് സി.പി.എം നടത്തുന്നത്. എന്നാല്‍ പ്രചാരണ ബോര്‍ഡുകളിലൊന്നും സമ്മേളനം കണ്ണൂരില്‍ നടക്കുമെന്നല്ലാതെ ഇ.കെ നായനാര്‍ അക്കാദമിയില്‍ നടക്കുമെന്ന് സൂചിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. സമ്മേളനത്തിന്റെ ഭാഗമായി മിക്ക തെരുവുകളിലും ചുവപ്പുകൊണ്ടലങ്കരിച്ചു.
ഇന്നലെ സ്‌റ്റേഡിയം കോര്‍ണറില്‍ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."