രോഹിത് വെമുല അനുസ്മരണം: എസ്.എഫ്.ഐ
തൃശൂര്‍: കേരള വര്‍മ കോളജില്‍ രോഹിത് വെമുല അനുസ്മരണം സംഘടിപ്പിച്ചതിന്റെ പേരില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. തലക്ക് ഇടിയേറ്റ 'ഐസ' പ്രവര്‍ത്തക ശ്രീലക്ഷ്മിയാണ് കടുത്ത തലവേദനയും ചര്‍ദിയും മൂലം ചികിത്സയില്‍ കഴിയുന്നത്.
ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ശ്രീലക്ഷ്മിയെ ശനിയാഴ്ച മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ആക്രമണത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തലയില്‍ മുട്ടുകൈ കൊണ്ട് ഇടിച്ചതായി ശ്രീലക്ഷ്മി പറഞ്ഞു. തലവേദന രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ സി.ടി സ്‌കാന്‍ പരിശോധന നടത്തി. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ഡോക്ടര്‍ അറിയിച്ചതായി ശ്രീലക്ഷ്മി പറഞ്ഞു.
എസ്.എഫ്.ഐ ആക്രമണത്തില്‍ ശ്രീലക്ഷ്മിയുടെ കഴുത്തിനും തലക്കും പരുക്കേറ്റിരുന്നു. എസ്.എഫ്.ഐ ആക്രമണത്തില്‍ പരുക്കേറ്റ ഐസ യൂനിറ്റ് സെക്രട്ടറി അഞ്ജിത കെ ജോസ്, ജോയിന്റ് സെക്രട്ടറി കെ.വി.എം മുഹമ്മദ് ഫഹീം എന്നിവരും മൂന്ന് ദിവസമായി ചികിത്സയിലാണ്. അഞ്ജിതയുടെ കൈക്ക് പരുക്കേറ്റിട്ടുണ്ട്.
അതേസമയം, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ നിലപാടാണ് ചില പൊലിസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന് ഐസ ഭാരവാഹികള്‍ ആരോപിച്ചു. ആശുപത്രിയിലെത്തി പൊലിസ് മൊഴിയെടുക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്‌റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. എന്നാല്‍ സ്റ്റേഷനിലെ എ.എസ്.ഐ ആദ്യം പരാതി സ്വീകരിക്കാന്‍ തയാറായില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
തുടര്‍ന്ന് സി.ഐയെ കണ്ട് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കേരള വര്‍മ കോളജില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഐസ ഭാരവാഹികള്‍ അറിയിച്ചു. എസ്.എഫ്.ഐ ആക്രമണം അവസാനിപ്പിക്കാന്‍ തയാറായില്ലെങ്കില്‍ കോളജ് ഉപരോധമടക്കമുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."