തീപിടുത്തങ്ങള്‍ വ്യാപകമാകുന്നു: പാടുപെട്ട് ഫയര്‍ഫോഴ്‌സ്
പാലക്കാട്: നഗരത്തിലും സമീപ പ്രദേശങ്ങളിലും തീപിടുത്തങ്ങള്‍ വ്യാപകമാകുന്നു. കാറ്റ് ശക്തമായതിനാല്‍ പ്രദേശത്ത് പലരും അശ്രദ്ധമായി തീയിടുന്നത് ആളി പടര്‍ന്നാണ് വ്യാപകമായ നാശം സംഭവിക്കുന്നതെന്ന് ഫയര്‍ഫോഴ്‌സ് പറയുന്നു. കഴിഞ്ഞദിവസം മാട്ടുമന്ത മുരുഗണിയില്‍ തൊടിക്ക് തീപിടിച്ച് അര ഏക്കറോളം പ്രദേശത്തെ പടര്‍പ്പുകള്‍ കത്തിയമര്‍ന്നു. തുടര്‍ന്ന് മണപ്പുള്ളിക്കാവ് ദേശീയ പാതക്കു സമീപമുള്ള നാല് ഏക്കറോളം വരുന്ന പാടത്ത് തീപിടുത്തമുണ്ടായി. രണ്ടര മണിക്കൂര്‍ രണ്ട് ഫയര്‍ എഞ്ചിനുകള്‍ പരിശ്രമിച്ചാണ് തീയണച്ചത്.
വിക്‌ടോറിയ കോളജ്-മലമ്പുഴ നൂറടിറോഡിലും വൈകുന്നേരം മണപ്പുള്ളിക്കാവ് ക്ഷേത്രമൈതാനിയിലെ തെങ്ങിന് തീപിടിച്ചതും ഉള്‍പ്പെടെ പാലക്കാട്ടെ ഫയര്‍ഫോഴ്‌സിന് വിശ്രമമില്ലാത്തദിനമായിരുന്നു. മണപ്പുള്ളിക്കാവില്‍ കതിന കുതിച്ചുയര്‍ന്ന് തെങ്ങില്‍ പതിച്ചാണ് അപകടം ഉണ്ടായത്.
പുലാപ്പറ്റ കുനിപ്പാറ പുലാത്തോട് കോളനിക്ക് സമീപം സ്വകാര്യ വ്യക്തികളുടെ എട്ട് ഏക്കറോളം വരുന്ന തോട്ടം കത്തിയപ്പോള്‍ മണ്ണാര്‍ക്കാട് അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. ഒഴിഞ്ഞു കിടന്ന സ്ഥലമായതിനാല്‍ ആളപായവും നാശനഷ്ടവുമുണ്ടായില്ല. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ 17 തീപിടുത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 26 ഏക്കര്‍ സ്ഥലത്തെ പുല്ലും അടിക്കാടുകളുമാണ് കത്തിയമര്‍ന്നത്. കാഴ്ചപറമ്പ് റോഡിനു സമീപത്തെ നാലേക്കര്‍ വരുന്ന സ്വകാര്യ സ്ഥലത്തെ പുല്ലും അടിക്കാടിനുമാണ് ആദ്യം തീപിടിച്ചത്.
പാലക്കാട്ടു നിന്നു രണ്ടു യൂണിറ്റെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും കൂടുതല്‍ പ്രദേശത്തേയ്ക്കു തീ പടര്‍ന്നതോടെ ചിറ്റൂരില്‍ നിന്നു രണ്ടു യൂണിറ്റുകളും എത്തിയാണ് തീ അണച്ചത്. സമീപമുള്ള ഓട്ടോ ഗാരേജിനും ഫര്‍ണീച്ചര്‍ ഷോപ്പിനും തീ പടര്‍ന്നു ഭീഷണിയായി മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണു തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സിനു കഴിഞ്ഞത്.
തുടര്‍ന്ന് ഉച്ചകഴിഞ്ഞ് കൊടുമ്പ് പഞ്ചായത്തിലെ ചമ്മട്ടിക്കാവിനു സമീപം ജയശങ്കറുടെ മൂന്ന് ഏക്കര്‍ സ്ഥലത്തും തീപിടുത്തമുണ്ടായി. വൃക്ഷതൈകളും മറ്റും കത്തിനശിച്ചു. കരിങ്കരപ്പുള്ളി ദേശീയപാതയ്ക്കു സമീപം മൂന്നേക്കര്‍ വരുന്ന പറമ്പില്‍ വൈകുന്നേരത്തോടെ അഗ്നി ബാധയുണ്ടായി. റോഡിനു സമീപമുണ്ടായിരുന്ന ചായക്കടയിലേക്കും തീപടര്‍ന്ന് ഭാഗികമായി കത്തി നശിച്ചു. കൊടുമ്പ് എരട്ടയാല്‍ ദേശീയപാതയ്ക്കു സമീപം 12 ഏക്കര്‍ സ്ഥലത്തെ പുല്ലും അടിക്കാടും കത്തി തുടങ്ങിയപ്പോള്‍ രണ്ടു മണിക്കൂറോളം ശ്രമിച്ചാണു അഗ്നിശമന യൂണിറ്റുകള്‍ക്ക് തീയണയ്ക്കാന്‍ കഴിഞ്ഞത്. അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു തീപിടുത്തം നിയന്ത്രിച്ചത്.
ഇതു കൂടാതെ രാവിലെ മുതല്‍ രാത്രിവരെ ചെറിയ തീപിടുത്തങ്ങള്‍ സംബന്ധിച്ച് അറിയിപ്പുകളും എത്താറുണ്ട്. അപകടങ്ങള്‍ പലതും ജനങ്ങളുടെ അശ്രദ്ധകൊണ്ടാണെന്നും വലിയ തോതില്‍ കാറ്റും ചൂടും കൂടിയതിനാല്‍ തീ നിയന്ത്രിക്കുക ക്ലേശകരമാണെന്നും ജനങ്ങള്‍ തീ ഇടുന്നത് ഒഴിവാക്കണമെന്നും ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."