കുട്ടികളുടെ അശ്ലീലം ഇന്റര്‍നെറ്റില്‍ തെരഞ്ഞവരില്‍ കേരളം മുന്നില്‍
ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികളുടെ അശ്ലീലം ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം തെരയുകയും കാണുകയും അതു പങ്കുവയ്ക്കുകയുംചെയ്തവരില്‍ കേരളത്തിലെ നഗരങ്ങളും. ഇന്ത്യയില്‍ കുട്ടികളുടെ അശ്ലീലം ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം തെരഞ്ഞ നഗരം അമൃതസര്‍ ആണ്. തൊട്ടുപിന്നില്‍ ഡല്‍ഹിയും മൂന്നാംസ്ഥാനത്ത് ഉത്തര്‍പ്രദേശിലെ ലഖ്‌നോയുമാണ്. ആദ്യ പത്തുനഗരങ്ങളില്‍ കേരളത്തിന്റെ സാംസ്‌കാരികതലസ്ഥാനമായ തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ നഗരങ്ങളും ഉള്‍പ്പെടും. സര്‍ക്കാര്‍ അടുത്തിടെ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. കഴിഞ്ഞ ആറു മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. 2016 ജൂലൈ ഒന്നുമുതല്‍ കഴിഞ്ഞ 15 വരെയുള്ള കാലയളവില്‍ 4.3 ലക്ഷം അശ്ലീല ചിത്രങ്ങളുടെ ഫയലുകളാണ് അമൃതസര്‍ നഗരത്തിലുള്ളവര്‍ പങ്കുവയ്ക്കുകയോ തെരയുകയോ ചെയ്തത്.
അതേസമയം നേരത്തെ വളരെ കുറഞ്ഞ തോതില്‍ മാത്രം കുട്ടികളുടെ അശ്ലീലം കണ്ട ആഗ്ര, കാണ്‍പൂര്‍, ബാരക്പൂര്‍, ദിമാപൂര്‍ എന്നീനഗരങ്ങളില്‍ ഇതു കൂടിവരികയാണ്. കുട്ടികളുടെ ഓരോ അശ്ലീലവീഡിയോക്കു പിന്നിലും പ്രായപൂര്‍ത്തിയെത്താത്ത ഓരോ ലൈംഗികാതിക്രമ ഇരകള്‍ ഉണ്ടാവുമെന്ന് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ കേന്ദ്രം എന്ന സര്‍ക്കാരിതര സന്നദ്ധ സംഘടനാ വക്താവ് വിധ്യാ റെഡ്ഡി പറഞ്ഞു.
സോഷ്യല്‍മീഡിയകളും ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ വന്‍തോതില്‍ ഉപയോഗിക്കുന്നതായി അവര്‍ പറഞ്ഞു. 2015- 16 കാലയളവില്‍ ഇതുസംബന്ധിച്ച് 1,540 കേസുകളാണെടുത്തതെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി) കണക്കുകളില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."