മജിസ്‌ട്രേറ്റ് വി.കെ ഉണ്ണികൃഷ്ണന്റെ മരണം: കേസന്വേഷണത്തില്‍ ദുരൂഹത-കെ.കെ രമ
തൃശൂര്‍: മജിസ്‌ട്രേറ്റ് വി.കെ ഉണ്ണികൃഷ്ണന്റെ മരണംപോലെ കേസന്വേഷണത്തിലും ദുരൂഹതയുണ്ടെന്ന് ആര്‍.എം.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ രമ. കാസര്‍കോട് മജിസ്‌ട്രേറ്റായിരുന്ന വി.കെ ഉണ്ണികൃഷ്ണന്റെ ദുരൂഹമരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ജനകീയ സമിതി സംഘടിപ്പിച്ച ബഹുജന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മരണം നടന്നിട്ടു രണ്ടര മാസമായിട്ടും അന്വേഷണം ഇഴയുകയാണ്. മാഫിയാബന്ധം ഉള്ളതുകൊണ്ടാണിതെന്ന് രമ ആരോപിച്ചു. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കു നീതിപൂര്‍വം പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. അവര്‍ക്കെതിരേയുള്ള പീഡനങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു. ദലിത് വിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ അതിന്റെ രൂക്ഷത വര്‍ധിക്കും. ഇതിന്റെ തെളിവാണു നീതി നിര്‍വഹണത്തില്‍ സത്യസന്ധത പുലര്‍ത്തിയിരുന്ന ഉണ്ണികൃഷ്ണന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങള്‍. ഒരു ജുഡിഷ്യല്‍ ഓഫിസറായിരുന്നിട്ടും സര്‍ക്കാരോ അന്വേഷണ ഏജന്‍സികളോ ഇക്കാര്യത്തില്‍ അലംഭാവം തുടരുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണം. ഉണ്ണികൃഷ്ണന്റെ കുടുംബത്തിനു നീതി ലഭിക്കാനുള്ള പോരാട്ടത്തിനു ജനാധിപത്യവാദികള്‍ രംഗത്തിറങ്ങണമെന്നും അവര്‍ പറഞ്ഞു.
വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടലുണ്ടാകണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ക്കും സുപ്രിം കോടതി, ഹൈക്കോടതി, മനുഷ്യാവകാശ കമ്മിഷന്‍, പട്ടികജാതി-വര്‍ഗ കമ്മിഷന്‍ എന്നിവക്കും നിവേദനം നല്‍കാനും തീരുമാനിച്ചു. സമിതി ചെയര്‍മാന്‍ ടി.കെ വാസു അധ്യക്ഷനായി.
ഉണ്ണികൃഷ്ണന്റെ പിതാവ് കണ്ടന്‍കുട്ടി, കാസര്‍കോട് സമരസമിതി നേതാവ് പി.കെ രാമന്‍, പി.കെ സുബ്രഹ്മണ്യന്‍, ടി.എം മജീദ്, പി.ആര്‍ സിയാദ്, കെ.കെ ഷാജഹാന്‍, കെ.വി പുരുഷോത്തമന്‍, പി.സി മോഹനന്‍, ടി. നവീനചന്ദ്രന്‍, ഡോ. ഭീം ജയരാജ്, അഡ്വ. പി.എ ചന്ദ്രന്‍, അഡ്വ. പി.ആര്‍ പ്രദീപ്, ഉണ്ണികൃഷ്ണന്റെ ബന്ധു എം.എസ് കറപ്പു പ്രസംഗിച്ചു. സമിതി കണ്‍വീനര്‍ എ.കെ സന്തോഷ് സ്വാഗതവും മുല്ലശേരി മേഖലാ സമരസമിതി കണ്‍വീനര്‍ കെ.എസ് സുരേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."