പകര്‍ച്ചവ്യാധികള്‍ക്കെതിരേ ആരോഗ്യജാഗ്രത ജില്ലാതല ഉദ്ഘാടനം ആറിന് മാലിന്യനിര്‍മാര്‍ജനം കാര്യക്ഷമമാക്കും
മലപ്പുറം: കുടിവെള്ള സ്രോതസുകള്‍ മാലിന്യമുക്തമാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരും ഹെല്‍ത്ത് ഇന്‍സ്പെകര്‍മാരും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന ആരോഗ്യജാഗ്രത എന്ന പേരിലുള്ള പ്രതിരോധ യജ്ഞം ജില്ലയില്‍ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ ജാഗ്രതയുടെ ജില്ലാതല ഉദ്ഘാടനം ആറിനു രാവിലെ 10.30നു മഞ്ചേരി ടൗണ്‍ഹാളില്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ മാലിന്യനിര്‍മാര്‍ജനം കാര്യക്ഷമമാക്കും. എല്ലാ വാര്‍ഡുകളിലും ഹരിത കര്‍മസേന രൂപീകരിക്കും. നിലവില്‍ 77 ഹരിത കര്‍മസേനകള്‍ രൂപീകരിച്ചു പരിശീലനം നടത്തിവരുന്നതായി ശുചിത്വമിഷന് കോഡിനേറ്റര്‍ യോഗത്തില്‍ അറിയിച്ചു. കൊതുകിന്റെ ലാര്‍വകള്‍ കണ്ടെത്തി നശിപ്പിക്കുന്നതിനു മഴക്കാലത്തിനു മുന്‍പുതന്നെ നടപടികള്‍ സ്വീകരിക്കും.
കവുങ്ങ്, റബര്‍ തോട്ടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതു തടയാന്‍ തോട്ടം ഉടമകളുടെ യോഗം വിളിക്കും. കൊതുകു നശീകരണത്തിനു സ്കൂള്‍ വിദ്യാര്‍ഥികളുടെ സംഘങ്ങളെ നിയോഗിക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ചചെയ്തു തീരുമാനിക്കും. കൊതുകുസാന്ദ്രത കണ്ടെത്തുന്നതിനു കോളജുകളിലെ സുവോളജി വകുപ്പിലെ വിദ്യാര്‍ഥികളുടെ സഹായംതേടും. തട്ടുകടകളിലും മറ്റും തയാറാക്കുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും പൊലിസും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കും. തെരുവോരങ്ങളിലെ ജ്യൂസ് കടകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഐസ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനാല്‍ ഇതു തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു തീരപ്രദേശങ്ങളിലെ ജലസ്രോതസുകള്‍ കൂടുതല്‍ മലിനമായ സാഹചര്യത്തില്‍ തീരപ്രദേശങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നു ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ആവശ്യമായ ലാബുകള്‍ സജ്ജീകരിക്കുന്ന കാര്യം പരിഗണിക്കും. ഒരു ബ്ലോക്കില്‍ ഒന്ന് എന്ന രീതിയിലെങ്കിലും ഇതു നടപ്പാക്കാനാകണം. ഇതിന് അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപവരെയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന്റെ സാധ്യത പരിശോധിച്ച് ഫണ്ട് ലഭ്യമാക്കാന്‍ ജില്ലാപഞ്ചായത്ത് നടപടി സ്വീകരിക്കുമെന്നു പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് പറഞ്ഞു.
ആരോഗ്യ ജാഗ്രതയുടെ കര്‍മപദ്ധതി തയാറാക്കി ജനുവരി അഞ്ചിനു മുന്‍പു ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നല്‍കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."