ഗ്രാമീണ മേഖലയില്‍ ശ്രദ്ധയൂന്നി എസ്.പി പ്രകടന പത്രിക
ലഖ്‌നോ: സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ച വിജയം കണ്ടതിന് തൊട്ടുപിന്നാലെ എസ്.പി ദേശീയ പ്രസിഡന്റും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് തെരഞ്ഞെടുപ്പു പ്രകടന പത്രിക പുറത്തിറക്കി. ഗ്രാമീണ ജനവിഭാഗങ്ങളുടെ പുരോഗതിയ്ക്ക് ഊന്നല്‍ നല്‍കിയുള്ളതാണ് പ്രകടന പത്രിക. 32 പേജ് വരുന്ന ഇതില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റേയും പിതാവും എസ്.പിയുടെ സ്ഥാപക നേതാവുമായ മുലായം സിങ് യാദവിന്റേയും ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കര്‍ഷകര്‍ക്കുള്ള പ്രത്യേക ധനസഹായം, ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂര്‍ വൈദ്യുതി, സമാജ് വാദി സ്മാര്‍ട്ട് ഫോണ്‍ പദ്ധതിപ്രകാരം സൗജന്യ സ്മാര്‍ട്ട് ഫോണ്‍, സമാജ് വാദി പെന്‍ഷന്‍ പദ്ധതി പ്രകാരം ഒരുകോടി ജനങ്ങള്‍ക്ക് പ്രതിമാസം 1,000 രൂപ പെന്‍ഷന്‍, ഒന്‍പതുമുതല്‍ 12 വരെ ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സൈക്കിള്‍, പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രഷര്‍കുക്കറുകള്‍, പാവപ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി നെയ്യ്, പാല്‍പ്പൊടി വിതരണം, ഗര്‍ഭിണികള്‍ക്ക് സൗജന്യ പോഷകാഹാരം, ആഗ്ര, കാന്‍പൂര്‍, വരാണസി, മീററ്റ് തുടങ്ങിയവയെ ബന്ധിപ്പിച്ച് മെട്രോ വികസനം, സമാജ് വാദി പാര്‍ട്ടി സ്മാര്‍ട്ട് വില്ലേജ്, പൂര്‍വാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേ നിര്‍മാണം തുടങ്ങി മോഹിപ്പിക്കുന്ന രീതിയിലുള്ള വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ അവതരിപ്പിച്ചിട്ടുള്ളത്.അതേസമയം പ്രകടന പത്രികയുടെ പ്രകാശന ചടങ്ങില്‍ നിന്നും പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും അദ്ദേഹത്തിന്റെ സഹോദരനും മുന്‍ സംസ്ഥാന പ്രസിഡന്റുമായ ശിവ്പാല്‍ യാദവും വിട്ടു നിന്നതും ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."