നിയന്ത്രണങ്ങളില്ലാതെ കുഴല്‍ കിണറുകള്‍ വര്‍ധിച്ചു വരുന്നു
പുതുനഗരം: നിയന്ത്രണമില്ലാതെ കുഴല്‍ കിണറുകള്‍ വര്‍ധിക്കുന്നതിനെതിരേ സര്‍ക്കാര്‍ രംഗത്തു വരണമെന്ന് നാട്ടുകാര്‍. കൊല്ലങ്കോട്, പുതുനഗരം, പട്ടഞ്ചേരി, പെരുവെമ്പ്, എലവഞ്ചേരി പ്രദേശങ്ങളിലാണ് അനിയന്ത്രിതമായി കുഴല്‍ കിണറുകള്‍ കുഴിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ ജലക്ഷാമം ഉണ്ടാകുമെന്ന ഭീതിയിലാണ് കുഴല്‍കിണറുകള്‍ കൂടുതലായി കുഴിക്കുന്നത്. ഇത് ഭൂഗര്‍ഭ ജലവിധാനം കൂടുതല്‍ താഴുവാന്‍ ഇടയാക്കിയിട്ടുണ്ട്. കൊല്ലങ്കോട് മേഖലയില്‍ ബംഗ്ലാമേടിനടുത്ത് കുഴല്‍കിണറുകള്‍ വര്‍ദിച്ചത് തുറന്ന കിണറുകളിലെ വെള്ളം വറ്റുവാന്‍ കാരണമാകുന്നതായി നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കി. കൃഷിയാവശ്യത്തിനായി വന്‍തോതില്‍ ഭൂഗര്‍ഭ ജലം ഊറ്റുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. 24 മണിക്കൂറും സൗജന്യ വൈദ്യുതി ഉപയോഗിച്ച് വെള്ളമൂറ്റുന്നവര്‍ കൊടുവായൂരിലും പെരുവെമ്പിലും വര്‍ധിച്ചതിനാല്‍ മിനി കുടിവെള്ള പദ്ധതികളും നിശ്ചലമാകേണ്ട അവസ്ഥയിലാണ്. നിലവില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി 700 അടിയിലധികം താഴ്ച്ചയിലാണ് നെല്‍പ്പാടങ്ങളില്‍ കുഴല്‍ കിണറുകള്‍ കുഴിക്കുന്നത്. നിയന്ത്രണമില്ലാതെ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിനെതിരേ ജില്ലാ കലക്ടര്‍ അടിയന്തിരമായി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."