മെഡിക്കല്‍ കോളജ്, ജില്ലാശുപത്രി ഏകോപനമില്ലായ്മ; മെഡിക്കല്‍ കൗണ്‍സിലിന് അസംതൃപ്തി
പാലക്കാട്: ഗവ. മെഡിക്കല്‍ കോളജും ക്ലിനിക്കല്‍ വിഭാഗമായ ജില്ലാ ആശുപത്രികളും തമ്മിലുള്ള ഏകോപനക്കുറവിലും രണ്ട് അധികാര കേന്ദ്രങ്ങള്‍ തുടരുന്നതിലും മെഡിക്കല്‍ കൗണ്‍സില്‍ സംഘത്തിനു കടുത്ത അതൃപ്തി. ആശുപത്രികളില്‍ ഗവ. മെഡിക്കല്‍ കോളജിന്റെ ചികിത്സാ വിഭാഗം എന്നൊരു ബോര്‍ഡ് പോലും ഇല്ലെന്നതും സംഘം എടുത്തുകാട്ടി.
അടുത്ത എം.ബി.ബി.എസ് ബാച്ചിന്റെ പ്രവേശനാനുമതിയുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ജില്ലാ വനിതാ ശിശു ആശുപത്രിയിലാണ് ആദ്യമെത്തിയത്. മെഡിക്കല്‍ കോളജും ആശുപത്രികളും രണ്ട് കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചാല്‍ രോഗികളുടെ കാര്യത്തില്‍ ഉത്തരവാദിത്തം ആര്‍ക്കെന്ന ചോദ്യം സംഘം ഉന്നയിച്ചു.
മെഡിക്കല്‍ കോളജിന്റെ സ്വന്തം ആശുപത്രി ഇനിയും വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന സൂചനയും സംഘത്തില്‍ നിന്നുണ്ടായി. ആശുപത്രിയിലെ സൗകര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതു സംബന്ധിച്ചും തര്‍ക്കങ്ങള്‍ ഉണ്ടായി. എം.ബി.ബി.എസ് അഞ്ചാം ബാച്ചിന്റെ പ്രവേശനാനുമതി അധ്യാപകക്ഷാമം ഉള്‍പ്പെടെയുള്ള അസൗകര്യങ്ങളെത്തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ നിഷേധിച്ചിരുന്നു.
കുറവുകള്‍ പരിഹരിക്കാന്‍ നടപടിയായെന്നു കാണിച്ച് മെഡിക്കല്‍ കോളജും സര്‍ക്കാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് സംഘം വീണ്ടും പരിശോധക്കെത്തിയത്. ജൂനിയര്‍ തസ്തികകളിലെ ഒഴിവുകളെല്ലാം നികത്തിയിട്ടുണ്ട്. ഇതര തസ്തികകള്‍ സൃഷ്ടിക്കേണ്ടത് സര്‍ക്കാരാണ്. ഇത്തരം വസ്തുതകളും കോളജിലെ നിര്‍മാണ പുരോഗതികളും സംഘത്തിനു മുന്നില്‍ അവതരിപ്പിച്ചു.
അഞ്ചാം ബാച്ച് പ്രവേശനം സാധ്യമാക്കുന്നതിനു മുന്‍പ് ജനറല്‍ മെഡിസിന്‍, സര്‍ജറി വിഭാഗങ്ങളില്‍ നാലു വീതം യൂണിറ്റുകള്‍ സജ്ജമാക്കേണ്ടതുണ്ട്. ഏകോപനം പ്രഖ്യാപനത്തില്‍ മാത്രം മെഡിക്കല്‍ കോളജ് പട്ടികജാതി വികസന വകുപ്പിനു കീഴിലും ജില്ലാ ആശുപത്രികള്‍ സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."