ആരോഗ്യ മേഖലയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതായി മന്ത്രാലയം
ജിദ്ദ: ആരോഗ്യ മേഖലയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതായി ആരോഗ്യമന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം പത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് കണ്ടെത്തിയതെന്ന് സഊദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിറ്റീസ് വ്യക്തമാക്കി.
70,000 പേരാണ് കഴിഞ്ഞ വര്‍ഷം ആരോഗ്യ മേഖലയില്‍ ലൈസന്‍സിനായി അപേക്ഷിച്ചതെന്നു കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ഡോ. അയ്മന്‍ അസദ് അബ്ദ് പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റു ഉപയോഗിച്ച് ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെ ഇത്തരത്തില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നു.
നേരത്തെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ജോലി ചെയ്യുന്നവരില്‍ ഇന്ത്യാക്കാരുള്‍പ്പടെ നിരവധി വിദേശികളുണ്ടായിരുന്നു. ആരോഗ്യ മേഖലയില്‍ കണ്ടെത്തുന്ന വ്യജന്മാരെ നിയമ നടപടികള്‍ക്കായി നേരിട്ട് സഊദി ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രോസിക്യഷനു കൈമാറുമെന്ന് മന്ത്രാലയം അറിയിച്ചു.
നേരത്തെ വ്യാജന്മാരെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ലീഗല്‍ സമിതിക്കു മുന്‍പാകെ ഹാജരാക്കുകയായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുമായി ജോലി ചെയ്യുന്നവര്‍ പിടിക്കപെട്ടാല്‍ തടവും പിന്നീട് നാടുകടത്തുകയുമാണ് ശിക്ഷ.
അതേ സമയം ഇന്ത്യക്കാരടക്കം നൂറുകണക്കിന് ഡോകടര്‍മാര്‍ക്കും മെഡിക്കല്‍ പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും പരിശോധനയില്‍ ജോലി നഷ്ടപ്പെട്ടിരുന്നു.
20 ഉം 30 ഉം കൊല്ലം മുമ്പ് ഇവിടെയെത്തിയ പലരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനല്‍ ആണെങ്കിലും ഇവര്‍ പഠിച്ചിറിങ്ങിയ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഇന്നു നിലനില്‍ക്കുന്നില്ല എന്നതിനാല്‍ സര്‍ട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി തെളിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല.
ഇതോടെയാണ് ഇത്തരക്കാരെ അയോഗ്യരാക്കാന്‍ സഊദി ഹെല്‍ത്ത് മന്ത്രാലയം ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് ജവാസാത്ത് വിഭാഗവുമായി ചേര്‍ന്ന് ഇവരുടെ രേഖകള്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."