മുത്വലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍
ന്യൂഡല്‍ഹി: മുത്വലാഖ് സമ്പ്രദായത്തിലൂടെ വിവാഹമോചനം നേടുന്നത് ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത് ഇന്നത്തേക്ക് മാറ്റി. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ബില്‍ അവതരണം മാറ്റിയത്.
മുത്വലാഖ് നിരോധിക്കണമെന്നതില്‍ അഭിപ്രായവ്യത്യാസമില്ലെങ്കിലും ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിലെ വ്യവസ്ഥയോട് യോജിക്കാനാവില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിന്. ബില്ലില്‍ ഭേദഗതി വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ലോക്‌സഭയില്‍ ബില്‍ അവതരണവേളയിലും ചര്‍ച്ചയിലും കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം രൂപപ്പെട്ട സാഹചര്യത്തില്‍ രാജ്യസഭയില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം കോണ്‍ഗ്രസ് ഇന്നത്തെ ചര്‍ച്ചയില്‍ ഉന്നയിക്കും. അങ്ങനെ സംഭവിച്ചാല്‍ ബില്‍ വീണ്ടും സെലക്ട് കമ്മിറ്റി മുന്‍പാകെയെത്തുകയും ഈ നടപ്പുസമ്മേളനത്തില്‍ പാസാക്കാന്‍ സാധിക്കാതെയും വരും.
അതേസമയം, പ്രതിപക്ഷത്തെ ചെറുപാര്‍ട്ടികളെ കൂട്ടുപിടിച്ച് ബില്‍ പാസാക്കിയെടുക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. ബില്ലിനെ ലോക്‌സഭയില്‍ എതിര്‍ത്ത എ.ഐ.എ.ഡി.എം. കെ, ബിജു ജനതാദള്‍ എന്നീ കക്ഷികളുമായി കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ അനുരഞ്ജന ചര്‍ച്ച നടത്തിയിരുന്നു. സമവായ നീക്കങ്ങള്‍ ഫലം കണ്ടാല്‍ ബില്ലിനെ എതിര്‍ത്താലും വോട്ടെടുപ്പ് വേളയില്‍ ഇറങ്ങിപ്പോയി സഹായിക്കുന്ന നിലപാടായിരിക്കും ഈ കക്ഷികള്‍ സ്വീകരിക്കുക. ബില്‍ അവതരിപ്പിക്കുന്ന സമയത്ത് സഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തങ്ങളുടെ എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മൂന്നു ദിവസവും രാജ്യസഭയില്‍ ഹാജരുണ്ടായിരിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."