കലോത്സവം സര്‍ഗോത്സവമാക്കാനുള്ള ആദ്യ ചുവട്: മന്ത്രി
തൃശൂര്‍: മത്സരങ്ങളുടെ അതിപ്രസരം ഒഴിവാക്കി സ്‌കൂള്‍ കലോത്സവത്തെ സര്‍ഗോത്സവമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ആദ്യ ചുവടാകും ഇത്തവണത്തേതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി തൃശൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച കടലാസുപേനകള്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രീന്‍ പ്രോട്ടോകോളിനൊപ്പം കലവറ നിറക്കല്‍ എന്ന പരിപാടിയിലൂടെ കുട്ടികളും കര്‍ഷകരും സമാഹരിക്കുന്ന കാര്‍ഷിക വിഭവങ്ങളാണ് ഭക്ഷണമൊരുക്കാന്‍ പ്രയോജനപ്പെടുത്തുകയെന്നും ഇത് പുതുതലമുറക്കുള്ള സന്ദേശമാണെന്നും കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുരളി പെരുനെല്ലി എം.എല്‍.എ അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.വി മദനമോഹന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുമതി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, പ്രസ് ക്ലബ് പ്രസിഡന്റ് കെ.പ്രഭാത്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൃശൂര്‍ ഈസ്റ്റ് ഉപജില്ലയിലെ കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് അഞ്ഞുറിലധികം കടലാസു പേനകള്‍ നിര്‍മിച്ചത്.
ആറുമുതല്‍ 10 വരെ തൃശൂരില്‍ നടക്കുന്ന കേരള സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായി വിവിധ കമ്മിറ്റികളുടെ അവലോകന യോഗം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ നടന്നു. ആറിന് രാവിലെ പത്തിന് തേക്കിന്‍കാട് മൈതാനത്തെ പ്രധാനവേദിയായ നീര്‍മാതളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."